സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആൺകുട്ടികൾക്കായി 1000 രൂപ പ്രതിമാസ സഹായം പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ‘പുതുമൈ പെൺ’ എന്ന പേരിൽ പെൺകുട്ടികൾക്കായി സമാനമായ സാമ്പത്തിക സഹായ പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന പെൺകുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം പ്രതിമാസം 1000 രൂപ ലഭിക്കും.ഈ പദ്ധതിയാണ് ഇപ്പോൾ ആൺകുട്ടികൾക്കും ഉറപ്പാക്കിയത്. ‘തമിഴ് പുദൽവൻ’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിട്ടുള്ളത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉന്നതവിദ്യാഭ്യാസം നേടുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദൽവൻ’, ‘പുതുമൈ പെൺ’ എന്നീ പദ്ധതികൾ ആവിഷ്‌കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2022 സെപ്റ്റംബർ അഞ്ചിന് ‘പുതുമൈ പെൺ’ പദ്ധതി ആരംഭിച്ചതുമുതൽ, 2.09 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചു. 2024ൽ 64,231 പേർ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതുവരെ ‘പുതുമൈ പെൺ പദ്ധതി’ക്കായി സംസ്ഥാന സർക്കാർ 371.77 കോടി രൂപ ചെലവഴിച്ചു. 2024-2025 സാമ്പത്തിക വർഷത്തിൽ 370 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.ഈ വർഷം ആദ്യം തമിഴ് മീഡിയം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും സഹായം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലീകരിച്ചിരുന്നു. ‘തമിഴ് പുദൽവൻ’ പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആൺകുട്ടികൾക്ക് എല്ലാ മാസവും 1000 രൂപ നൽകും. 3.28 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *