ചരിത്രത്തിലെ ഏറ്റവും വലിയ ബിരുദദാനത്തിന് സാക്ഷ്യം വഹിച്ച്
കലിക്കറ്റ് എൻഐടി ; ബിരുദം നേടിയത് 1979 വിദ്യാർത്ഥികൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൻ്റെ (എൻഐടിസി) 20-ാമത് ബിരുദദാന ചടങ്ങിൽ 1979 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി.
എൻ ഐ ടി യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിരുദദാന ചടങ്ങാണ് ക്യാമ്പസ്സിൽ നടന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വിദ്യാർത്ഥികൾക്ക് ബിരുദം സമ്മാനിച്ചു.
2047ൽ രാജ്യം വികസിത്
ഭാരത് എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ ഇന്നത്തെ യുവ ബിരുദധാരികൾ രാജ്യത്തിൻ്റെ നേതൃനിരയിലെത്തുമെന്നും വ്യവസായിക രംഗങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ സമ്പൂർണ വികസനത്തിലും ഇന്ത്യയെ നയിക്കാനും ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും അവർ നേതൃത്വം നൽകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേരളത്തിൻ്റെ സാക്ഷരത, ആരോഗ്യ നേട്ടങ്ങൾ എന്നിവ ഉയർത്തിക്കാട്ടി, കേരളത്തിൽ നിന്നും പുറത്തുനിന്നുമുള്ള വിദ്യാർത്ഥികളോട് കേരളത്തിൻ്റെ അംബാസഡർമാരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിൽ ബിസിനസ്സ് ആരംഭിക്കാനും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി സംസ്ഥാനത്തെ പിന്തുണയ്ക്കാനും ജോർജ് കുര്യൻ പറഞ്ഞു.ടാറ്റ കൺസൾട്ടൻസി സർവീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസറുമായ ശ്രീ. മിലിന്ദ് ലക്കാട് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
പരിപാടിയിൽ അധ്യക്ഷത വഹിച്ച ബോർഡ് ഓഫ് ഗവർണേഴ്‌സ് ഇൻ-ചാര്ജും സ്ഥാപന ഡയറക്ടറുമായ പ്രൊഫ. പ്രസാദ് കൃഷ്ണ, ബിരുദദാന ചടങ്ങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2023-24 അധ്യയന വർഷത്തിൽ 196 കമ്പനികളാണ് കോഴിക്കോട് എൻ ഐ ടി യിലെ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തത്. 1,011 വിദ്യാർഥികൾ വിവിധ കമ്പനികളിൽ തൊഴിൽ നേടി. ബിരുദധാരികൾക്ക് ലഭിച്ച ഏറ്റവും ഉയർന്ന ശമ്പളം 50.6 ലക്ഷം രൂപയും ബിരുദാനന്തരബിരുദധാരികൾക്ക് ലഭിച്ച ഉയർന്ന ശമ്പളം 39.3 ലക്ഷം രൂപയുമാണ്.
ബിരുദ വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അഞ്ജനയ്ക്ക് എഞ്ചിനീയർ എം എൽ ബപ്‌ന ഗോൾഡ് മെഡലും 11,111 രൂപ ക്യാഷ് പ്രൈസും സമ്മാനിച്ചു.
ബിരുദ കോഴ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള പ്രൊഫ. അല്ലേശു കാഞ്ഞിരത്തിങ്കൽ മെമ്മോറിയൽ അവാർഡും അഞ്ജനക്ക് നൽകി.
10,000 രൂപയു ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഇൻ പവർ സിസ്റ്റംസിലെ വിദ്യാർത്ഥിയായ സയ്യിദ് അബ്ദുൾ ഖാദർ ജീലൻ അറഫാത്തിന് ‘എം എൽ ബപ്‌ന ഗോൾഡ് മെഡലും 11,111രൂപ ക്യാഷ് പ്രൈസും ചടങ്ങിൽ സമ്മാനിച്ചു.
കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന ഔട്ട്‌സ്റ്റാൻഡിംഗ് അച്ചീവർ അവാർഡും 25,000 രൂപ ക്യാഷ് പ്രൈസും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ശാഖയിലെ ഏലിയാസ് ജോർജിന് നൽകി.
മികച്ച ഔട്ട്‌ഗോയിംഗ് യുജി വിദ്യാർത്ഥിക്കുള്ള REC കാലിക്കറ്റിൻ്റെ ആദ്യ ബാച്ച് സ്പോൺസർ ചെയ്ത വിക്രം സാരാഭായ് എവർ റോളിംഗ് ട്രോഫിയും ഏലിയാസ് ജോർജ് നേടി .
ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ കമാന്റർ ഡോ. എം.എസ്. ശാമസുന്ദര, ഡീൻ (അക്കാദമിക്) പ്രൊഫ. എ.വി. ബാബു, വിവിധ വകുപ്പ് മേധാവികൾ എന്നിവരാണ് ബിരുദദാനത്തിന് നേതൃത്വം നൽകിയത്.

