പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇരുസഭകളിലേയും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണ്. പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞ വ്യക്തി തന്റെ പ്രവര്‍ത്തനത്തില്‍ പശ്ചാത്തപിക്കുന്നില്ല’ ഇന്ന് രാവിലെ ചേര്‍ന്ന ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പെഗാസസുമായി ബന്ധപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന തട്ടിയെടുത്ത തൃണമൂല്‍ എംപി സാന്തനു സെന്നിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ അതിവേഗത്തില്‍ പാസാക്കുന്നതിനെ വിമര്‍ശിച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ പാസാക്കുകയാണോ അതോ സാലഡ് തയ്യാറാക്കുകയാണോ എന്നായിരുന്നു ഡെറിക് ഒബ്രിയന്റെ ട്വീറ്റ് പരാമര്‍ശം.
പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരും ഒബ്രിയനെതിരെ ആഞ്ഞടിച്ചു. ‘എല്ലാ ബില്ലുകളിലും ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ തിരക്ക് കൂട്ടുന്നില്ല. തൃണമൂലില്‍ നിന്നുള്ള ഒരംഗം പാര്‍ലമെന്റിനെ അപമാനിച്ചു. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം’ പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാര്‍ലമെന്റില്‍ 12 ബില്ലുകള്‍ ശരാശരി ഏഴ് മിനിറ്റുകള്‍ മാത്രമെടുത്താണ് പാസാക്കിയെടുത്തതെന്നും സാലഡ് തയ്യാറാക്കുന്നത് പോലെയാണോ നിയമം പാസാക്കുന്നതെന്നും ഒബ്രിയന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.