സിബ്ഗത്തുള്ള ജനശബ്ദം
കോഴിക്കോട്: 26 വർഷത്തെ വനം വകുപ്പിലെ സേവനം അവസാനിച്ച് അബ്ദുൽ സമദ് കാടിറങ്ങുകയാണ്. ജീവൻ പണയം വെച്ചും ജോലി ചെയ്ത കാലത്തെ ഒരു പിടി നല്ല ഓർമകളുമായി. 1998 ൽ മുപ്പതാമത്തെ വയസ്സിലാണ് സമദ് ഫോറസ്റ്റിൽ ജോലി ലഭിക്കുന്നത്. കോഴിക്കോട് മാത്തോട്ടം സോഷ്യൽ ഫോറെസ്ട്രിയിൽ സെക്ഷൻ ഫോറസ്റ്റർ ആയായിരുന്നു തുടക്കം . പിന്നീട്
2004ൽ താമരശ്ശേരിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് വന്യ ജീവികളുമായുള്ള പോരാട്ടം തുടങ്ങിയത് . കാടിറങ്ങി വരുന്ന ആനകളായിരുന്നു അന്ന് പ്രധാന പ്രശ്നം. ഇത്ര പോലും സന്നാഹങ്ങൾ വനം വകുപ്പിന് ഇല്ലാത്ത ആ കാലത്തും മനുഷ്യന് ഭീഷണിയായി എത്തുന്ന ആനകളെ കാടുകയറ്റാൻ സമദിനും ടീമിനും സാധിച്ചു. തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതി വനം വകുപ്പിന്റെ കീഴിൽ കൊണ്ട് വരാൻ സാധിച്ചത് സമദ് തുഷാരഗിരി ജോലി ചെയ്യുമ്പോൾ ആയിരുന്നു.
2008ൽ കാന്തല്ലൂരിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചതോടെ തൊഴിൽ അന്തരീക്ഷം തന്നെ മാറി . ചന്ദനക്കൊള്ള പതിവായിരുന്ന ആ കാലത്ത് ചന്ദനമരം സംരക്ഷിക്കലും കൊള്ളക്കാരെ നേരിടലും അത്യന്തം ദുർഘടമായിരുന്നു. കൊള്ളക്കാരെ പിടി കൂടുന്നതിനിടെ പരിക്ക് പറ്റിയ അനുഭവം ഇന്നലയെന്നെ പോലെ സമദിൻ്റെ മനസ്സിലുണ്ട്.
ചന്ദന ക്കൊള്ളക്കാരൻ സോളമനെ പിടിക്കാൻ സമദും സംഘവും അർദ്ധരാത്രി നടത്തിയ ഓപ്പറേഷൻ സംഘർഷത്തിലാണ് കലാശിച്ചത്. മണിക്കൂറുകളോളം നടന്ന അക്രമണത്തിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നേരിട്ട കോളനിക്കാർ സോളമനെ രക്ഷപ്പെടുത്തി . സമദ് ഉൾപ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിക്ക് പറ്റി ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ടി വന്നു.മാരകയാധുങ്ങളുമായി കോളനി നിവാസികൾ നടത്തിയ അക്രമണത്തിൽ ജീവൻ നഷ്ടമാവാതിരുന്നത് തലനാരിഴയ്ക്കാണെന്ന് സമദ് ഓർക്കുന്നു.
2012 വയനാട്ടിലെ തിരുനെല്ലി സ്റ്റേഷനിൽ സ്ഥലം മാറി എത്തിയപ്പോളേക്കും മനുഷ്യ വന്യ മൃഗ സംഘർഷങ്ങൾ രൂക്ഷമായിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തിരുനെല്ലി പഞ്ചായത്ത് ഉൾപ്പെടുന്ന തിരുനെല്ലി സ്റ്റേഷനിലും പിന്നീട് ബെഗുർ റേഞ്ച് ലും ജോലി ചെയ്തത് മറക്കാനാവാത്ത അനുഭവങ്ങൾ ആയിരുന്നു.ഈ കാലയളവിൽ 6 പേര് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു.മൃഗങ്ങളുടെ അക്രമണത്തിൽ മനുഷ്യ ജീവൻ പൊലിയുന്നത് പതിവ്.
ആനയും കടുവയും മുള്ളൻ പന്നിയും കാട്ടുപോത്തും പുലിയുമെല്ലാം കൂടുതലായി കാടിറങ്ങി തുടങ്ങിയ കാലം.
ഓപ്പറേഷൻ ബേലൂർ മഖ്നയുടേയും വാകേരിയിലെ നരഭോജി കടുവയെ പിടിക്കുന്നതിൻ്റെയും ഭാഗമാകാനും സമദിന് സാധിച്ചു. വനം വകുപ്പ് വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറക്കിയ കടുവയെ ജീവനോടെ പിടിച്ച് കൂട്ടിലാക്കി തൃശ്ശൂരേക്ക് മാറ്റാനായത് സർവീസിലെ മികച്ച നേട്ടങ്ങളിൽ ഒന്നായാണ് സമദ് കാണുന്നത്. വാകേരിയിൽ കിണറിൽ അകപ്പെട്ട കടുവ കുഞ്ഞിനേയും രക്ഷിച്ച് കർണാടക അതിർത്തി കയറ്റി വിടാനായി.
ഏത് നിമിഷവും മരണത്തെ മുഖാമുഖം കണ്ടേക്കാവുന്ന ജോലിയായിരുന്നു തൻ്റേതെന്ന് സമദ് .
തിരുനെല്ലിയിൽ ജോലി ചെയ്ത കാലത്ത് തോൽപ്പെട്ടി ഫോറസ്റ്റിനകത്ത് വെച്ച് ആനക്കൂട്ടത്തിന് നടുവിൽ കുടുങ്ങിയ സമദും സംഘവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 6 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ജീപ്പ് ആനക്കൂട്ടം കണ്ട് നിർത്തിയെങ്കിലും ഒറ്റയാൻ ജീപ്പ് അക്രമിക്കാൻ വന്നു. ജീപ്പ് മുന്നോട്ട് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുന്നിലുണ്ടായിരുന്ന ആനകൾ വഴി മാറിയത് കൊണ്ട് മാത്രമണ് അന്ന് ജീവൻ തിരിച്ചു കിട്ടിയത് . വനപാലനത്തിനൊപ്പം എത്രയോ ആദിവാസി കുടുംബങ്ങൾക്ക് പ്രയോജനമാകും വിധം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും കോളനികളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹത്തിനായി.
വനം കൊള്ളയും കാട്ടിലെ കഞ്ചാവ് കൃഷിയുമായിരുന്നു ഒരു കാലത്ത് വനം വകുപ്പിന് വലിയ തലവേദനയെങ്കിൽ ഇന്നത് വന്യ മൃഗ ശല്യവും മീഡിയാ മാനേജ്മെന്റുമാണെന്ന് സമദ് പറയുന്നു. മൂന്ന് കൊല്ലം കൊണ്ട് 10 കടുവകളെ കൂട് വെച്ച് പിടിച്ചു.
എത്രയോ ആനകളെ കാടുകയറ്റി. മൊബൈൽ ഫോൺ ഉള്ളവനെല്ലാം മാധ്യമ പ്രവർത്തകനാവുന്ന കാലത്ത് ഓരോ ഓപ്പറേഷൻ്റെ സമയത്തും ഇത്തരം ആളുകളെ കൂടി നിയന്ത്രിക്കേണ്ടതുണ്ട് . അനാവശ്യമായി കാടുകയറി വീഡിയോ ചിത്രീകരിക്കാൻ നോക്കി അപകടം ക്ഷണിച്ചു വരുത്തുന്നതും തടയേണ്ടതുണ്ടെന്നും സമദ് പറയുന്നു. മികച്ച സ്പോർട്ട്സ് മാൻ ആയ സമദ് സംസ്ഥാന വനം കായിക മേളകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കേരള ഫോറെസ്റ്റ് ഫുട്ബോൾ ടീം ആദ്യമായി അഖിലേന്ത്യാ ഫോറെസ്റ്റ് ഫുട്ബോൾ ചാമ്പ്യൻന്മാർ ആയപ്പോൾ സമദ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഗോൾ കീപ്പറും ആയിരുന്നു.
ഈ മാസം 30 ന് സർവീസ് ജീവിതം അവസാനിപ്പിച്ച് മടവൂരിലെ കള്ളിക്കൂട്ടം പുറയിലെ വീട്ടിലേക്ക് സമദ് എത്തും. ഭാര്യ
സലീനയും മക്കളായ ഫാത്തിമ
ഷെറിൻ, ഹന്ന ,റാനിയ നസ്രീൻ , ഹിബ നൂറിൻ എന്നിവർക്കൊപ്പം ചേരും ………..റിട്ടയേർമെന്റിന് ശേഷം ചാരിറ്റി പ്രവർത്തനങ്ങളിൽ മുഴുകാൻ ആണ് സമദ് ആഗ്രഹിക്കുന്നത്…..