എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമാർജ്ജനം ചെയ്യാൻ ശ്രമിച്ചു അതാണ് പ്രശാന്ത് ചെയ്ത കുറ്റമെന്നാണ് വേണുഗോപാൽ പോസ്റ്റിലൂടെ പറയുന്നത്. പ്രശാന്തിന് ലഭിച്ച സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്ന് വേണുഗോപാൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐ എ എസ് ജോലിയിൽ കയറിയ സമയം. പ്രശാന്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി . ഞങ്ങളുടെ സായാഹ്നങ്ങൾക്കു ദൈർഘ്യം പോരാതെയായി. ഒരു അബ്സർഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങൾ ഒരുമിക്കുന്ന വേളകളിൽ എല്ലാം.
പ്രശാന്ത് വഹിച്ച പദവികൾ, ഇരുന്ന തസ്തികകൾ, ഇവയ്ക്കെല്ലാം അയാൾ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളിൽ, അധികാര സിംഹാസനങ്ങളിൽ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാൾ സമൂഹത്തിനു നൽകിയ സംഭാവനകൾ ഉണ്ട്. സന്ദേശങ്ങളുണ്ട്. “Bro” ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു “ പ്രശാന്ത് സിഗ്‌നേച്ചർ “ തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേയ്ക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ. വി വിജയൻ്റെ വാക്കുകൾ കടമെടുത്താൽ “ കരിമ്പനപ്പറ്റകളിൽ കാറ്റ് പിടിക്കും പോലെ” പ്രശാന്ത് ചിലപ്പോൾ ചിലതിൽ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും
ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാർട്മെന്റിലെ തന്നെ അനീതികൾക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ല . നിശബ്ദതയും കണ്ണീരും അല്ലാതെ!