കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30-ന് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്സില്‍ പകല്‍ 10-ന് നടക്കും. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമന്വയം
അവലോകനയോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18-50 വയസ്സിനിടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പാണ് സമന്വയം നടത്തുന്നത്.

ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിസിഎംവൈ പ്രിന്‍സിപ്പാള്‍ ജമാൽ, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ പികെ അബ്ദുള്‍ ലത്തീഫ്, കേരള നോളജ് ഇക്കോണമി റീജിയണൽ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ല പ്രോഗ്രാം മാനേജര്‍ എംപി റെഫ്‌സീന, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍രഹിതരായ അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ വൈജ്ഞാനിക/തൊഴില്‍ പരിചയവും നൈപുണി പരിശീലനവും നല്‍കി യോഗ്യതയ്ക്കനുസൃതമായ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതാണ് സമന്വയം പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *