ഭിന്നശേഷിക്കാർക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ സർവ ശ്രേഷ്ഠ ദിവ്യാംഗന് അർഹയായിരിക്കുകയാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ അനന്യ. പരിമിതികളെ സംഗീതത്തെ കൂടെ കൂട്ടി പൊരുതി തോൽപ്പിച്ചാണ് 19 കാരിയുടെ നേട്ടം. രാഷ്ട്രപതിയിൽ നിന്ന് ഡിസംബർ 3 ന് അനന്യ പുരസ്കാരം ഏറ്റുവാങ്ങും.സംഗീതമാണ് അനന്യക്ക് എല്ലാം. ആശയ വിനിമയത്തിലെ പരിമിതികളെ അനന്യ മറികടക്കുന്നത് പാട്ടുകളിലൂടെയാണ്. അനന്യയുടെ സന്തോഷവും സങ്കടവുമെല്ലാം അച്ഛനും അമ്മയും കൂട്ടുകാരുമെല്ലാം തിരിച്ചറിയുന്നതും പാട്ടിലൂടെയാണ്. ജീവിതത്തിൽ നേരിട്ട ചോദ്യങ്ങൾക്കും ചൂഴ്ന്ന് നോട്ടങ്ങൾക്കും മകൾ തന്നെ മറുപടി ആകുന്നതിലുള്ള അഭിമാനത്തിലാണ് ഈ കുടുംബം. ഈ സമൂഹത്തിലെങ്ങനെ കുഞ്ഞിനെ സ്വതന്ത്രയായി വളർത്തുമെന്ന് ആലോചിച്ച് നേരത്തെ ഭയങ്കര സങ്കടമായിരുന്നെന്ന് അനന്യയുടെ അമ്മ അനുപമ പറഞ്ഞു. ആ സങ്കടത്തിലിരിക്കുമ്പോഴാണ് അനന്യ മേശമേൽ താളം പിടിക്കുന്നത് കേൾക്കുന്നത്. ഇപ്പോൾ അവാർഡ് നേട്ടത്തിലെത്തി നിൽക്കുന്ന അനന്യയുടെ നേട്ടങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാനാവാത്തതാണെന്ന് അച്ഛൻ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള വഴുതക്കാട്ടെ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അനന്യയുടെ പഠനം. പരസ്പരം തണലായി അനന്യയും കൂട്ടുകാരും അധ്യാപകരും. സംഗീതത്തിലൂടെ ഓട്ടിസത്തെ മറികടക്കുന്ന അനന്യ നൽകുന്നത് പുതിയ പ്രതീക്ഷയാണ്. ആ നിശ്ചയദാർഢ്യത്തിന് രാജ്യത്തിൻറെ ആദരമാണ് സർവ്വശ്രേഷ്ഠ ദിവ്യാംഗൻ പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *