ഇന്ത്യയുടെ അഖണ്ഡതയ്ക്കും പുരോഗതിക്കും സ്വന്തം ജീവിതം സമര്‍പ്പിച്ച ധീര വനിതയാണ് ഇന്ദിരാഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ വികസനത്തിന് അടിത്തറപാകിയത് ഇന്ദിരെയെന്ന ഭരണാധികാരിയുടെ നൈപുണ്യമാണ്.നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ദിരാഗാന്ധിയെ ഉരുക്കു വനിത എന്ന വിശേഷണത്തിന് അര്‍ഹയാക്കി.രാജ്യത്തിന്റെ അഭിമാനം ആരുടെ മുന്നിലും അടിയറവ് വയ്ക്കാതെ ലോകശക്തികളെ പോലും വെല്ലുവിളിക്കാനുള്ള ആര്‍ജ്ജവമുള്ള ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി .സിഖ് വിരുദ്ധ കലാപത്തിനുശേഷം സ്വയസുരക്ഷ മുന്‍നിര്‍ത്തി അംഗരക്ഷകരിലെ ചിലരെ മാറ്റിനിര്‍ത്താമായിരുന്നെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പോറല്‍ ഏല്‍ക്കാതിരിക്കാന്‍ അതിന് അവര്‍ തയ്യാറാവാത്തതിന് നല്‍കിയ വിലയാണ് ഇന്ദിരാഗാന്ധിയുടെ സ്വന്തം ജീവന്‍.രാജ്യം കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളാണ് ഇന്ദിരാഗാന്ധിയെന്നും കെ.സുധാകരന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി ജനുവരി നാല് മുതല്‍ സെപ്റ്റംബര്‍ 30 വരെ 1474 മണ്ഡലങ്ങളിലൂടെ മഞ്ചേശ്വരത്ത് നിന്നും പാറശാല വരെ നടത്തുന്ന മഹിളാ സാഹസ് കേരളയാത്രയുടെ പ്രഖ്യാപനവും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തി.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്, മുന്‍മന്ത്രി പന്തളം സുധാകരന്‍,ശരത്ചന്ദ്ര പ്രസാദ്, കെ.മോഹന്‍കുമാര്‍, കൊറ്റാമം വിമല്‍കുമാര്‍,കമ്പറ നാരായണന്‍, കുമ്പളത്ത് ശങ്കരപിള്ള തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *