വിവാഹമോചന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍. റഹ്‌മാന്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്.
‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.

കഴിഞ്ഞദിവസമാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു.29 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയുന്നത്. 1995-ലാണ് ഇരുവരും വിവാഹിതരായത്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *