ബെന്യാമിന്റെ ക്ലാസിക് നോവല്‍ ‘ആടുജീവിതത്തെ’ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. എ.ആര് റഹ്മാന് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ ആടുജീവിതം ഇടം നേടിയിരുന്നു.
മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ട് നാമനിര്‍ദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്കാരം എ.ആര് റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാന് നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. റഹ്മാന് വേണ്ടി പുരസ്കാരം സംവിധായകന് ബ്ലെസി ഏറ്റുവാങ്ങി.
‘ഈ വലിയ അംഗീകാരത്തിന് നന്ദി. എആര്‍ റഹ്മാനു വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി,’- പുരസ്കാരം സ്വീകരിച്ചു കൊണ്ട് സംവിധായകന് ബ്ലെസി പറഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം നേടുന്നത്.
റഹ്മാന് ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനവും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനാണ് ‘പെരിയോനെ’ എന്ന ഗാനം പരിഗണിക്കപ്പെട്ടത്. റഫീഖ് അഹമ്മദാണ് വരികളെഴുതിയിരിക്കുന്നത്. ജിതിന് രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനു പുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തില്‍ മത്സരിച്ചത്.