ജില്ലാ കലോത്സവ വേദിയിൽ ശ്രദ്ദേയമായി മലബാർ ക്രിസ്ത്യൻ കോളേജ് ഒന്നാം വേദിക്കരികിൽ ഒരുക്കിയ ചുക്ക് കാപ്പി വിതരണം. കോഴിക്കോട് കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേർന്ന് നടത്തുന്ന ചുക്ക് കാപ്പി വിതരണമാണ് ജനശ്രദ്ധ ആകർഷിക്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെയും സിറ്റി പോലീസ് എംപ്ലോയീസ് കോ ഓപറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെയും സഹായ സഹകരണത്തോടെയാണ് ചുക്ക് കാപ്പി വിതരണം നടത്തുന്നത്. പോലീസുകാർ തന്നെ ഉണ്ടാക്കി നൽകുന്ന കാപ്പിയുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ട് വീഴ്ചക്കും അവർ തയാറാകുന്നില്ല. സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് വരുന്ന തുളസി, ചുക്ക്, മല്ലി തുടങ്ങിയ 14 തരം ഔഷധ കൂട്ട് കൊണ്ടാണ് ചുക്ക് കാപ്പി ഉണ്ടാക്കുന്നത്. ചുക്ക് കാപ്പിക്കൊപ്പം ഉണ്ണിയപ്പവും നൽകുന്നുണ്ട്.
മാറി വരുന്ന സർക്കാറുകളുടെ മർദ്ദക ഉപകരണം എന്നതിൽ നിന്ന് മാറി പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും പോലീസിന്റെ മേൽ ജനങ്ങൾക്കുള്ള ഭീതി ഒഴിവാക്കാനും ഇത്തരം പ്രവൃത്തികൾ കൊണ്ട് സാധിക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇന്നലെയും ഇന്നുമായി നല്ല ജനപങ്കാളിത്തം ഉണ്ടെന്നും ഇന്നലെ 1600 പേരും ഇന്ന് അതിനിരട്ടി ആളുകളും ചുക്ക് കാപ്പി ചോദിച്ച് വന്നതായും സംഘാടകർ പറഞ്ഞു.