രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്പോർട്സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് നിർവഹിച്ചു.സംസ്ഥാനത്തെ കോളജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും. സ്പോർട്സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാ തല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിർവഹണ സമിതി.പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ ഹോം ആൻഡ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.മികച്ച കായിക സംസ്കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണ് കോളേജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. സ്പോർട്സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും.സംസ്ഥാന കായിക മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. കായിക മേഖലയിൽ രണ്ടായിരത്തി നാന്നൂറുകോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കിക്കഴിഞ്ഞു. ക്യാംപസുകളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്നതിനാണ് ഇനി ഊന്നൽ. കോളേജ് സ്പോർട്സ് ലീഗ് ആരംഭിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കോളേജുകളിലും കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാകും. കോഴിക്കോട് സർവകലാശാല പുതിയ സ്റ്റേഡിയത്തിന് സ്ഥലം അനുവദിച്ച് സിൻഡിക്കേറ്റിന് കത്ത് നൽകി. 500 കോടി രൂപ ചെലവിൽ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 150 കോടി രൂപ സർക്കാർ വിഹിതം നൽകും. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. ഇത്തരത്തിൽ മേഖലയിലെ വളർച്ചയിലൂടെ കായിക സമ്പദ് വ്യവസ്ഥക്ക് രൂപംകൊടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.അക്കാദമിക പ്രവർത്തനങ്ങളേയും പരീക്ഷയേയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലാണ് കോളേജ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സർവകലാശാലകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് കായിക മേഖലയിൽ സജീവകാനാകും. സ്പോർട്സ് മെഡിസിൻ, സ്പോർട്സ് എൻജിനിയറിംഗ്, സ്പോർട്സ് മാനേജിംഗ് രംഗങ്ങളിൽ മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020