നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. സിപിഎം സമ്മര്‍ദം കാരണമാണ് പത്രികകള്‍ തള്ളിയതെന്നാണ് ബിജെപിയുടെ ആരോപണം. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക സിറ്റിംഗ് ചേരും. അവധി ദിവസത്തില്‍ അസാധാരണ നടപടിയാണ് ഹൈക്കോടതിയുടേത്.
തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്, ദേവികുളത്ത് ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ഥി ആര്.എം ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്.
എന്‍. ഹരിദാസ് നല്കിയ പത്രികയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഒപ്പോടുകൂടിയ ഫോം ഹാജരാക്കാന്‍ ബി.ജെ.പി. നേതാക്കള്‍ സമയംതേടിയെങ്കിലും അനുവദിച്ചില്ല. ഡമ്മി സ്ഥാനാര്‍ഥിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക തയ്യാറാക്കിയിരുന്നെങ്കിലും അധ്യക്ഷന്റെ ഒപ്പില്ലായിരുന്നു. നിവേദിത നല്കിയ പത്രികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താലാണ് തള്ളിയത്. പേരും സീലും ഉണ്ടായിരുന്നെന്നും പത്രിക തള്ളിയത് നീതിയല്ലെന്നും കോടതിയെ സമീപിക്കുമെന്നും നിവേദിത കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
