അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാര്‍ത്താ സമ്മേളനം വിളിച്ചു. വൈകീട്ട് അഞ്ചരയ്ക്ക് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. ചൊവ്വാഴ്ച രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ ഇന്ന് പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷം പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ അമിത് ഷായ് ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

ഭരണഘടനാ ശില്‍പിയായ ബി.ആര്‍.അംബേദ്കറുടെ പൈതൃകത്തെയും സഭയുടെ അന്തസ്സിനെയും തകര്‍ക്കുന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശമെന്ന് തൃണമൂല്‍ എംപി പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനകള്‍ പാര്‍ലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടി വേണമെന്നും ഡെറിക് ഒബ്രിയാന്‍ ആവശ്യപ്പെട്ടു.പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും രാജിവെക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.

‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍… എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ പ്രതിപക്ഷ ബഹളത്തിനിടെ ചൊവ്വാഴ്ച അമിത് ഷാ പറയുകയുണ്ടായി.എന്നാല്‍ വിദ്വേഷ നുണകള്‍ പരത്തി അവര്‍ മുമ്പ് ചെയ്ത ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനെന്ന് അമിത് ഷായെ പ്രതിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

മനുസ്മൃതിയെ പിന്തുടരുന്നവര്‍ക്ക് സ്വാഭാവികമായും അംബേദ്കറെക്കൊണ്ട് പ്രശ്‌നമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമിത് ഷായുടെ പരാമര്‍ശത്തോട് പ്രതികരിച്ചത്. പാര്‍ലമെന്റിന് പുറത്ത് രാഹുലും മറ്റു പ്രതിപക്ഷം എംപിമാരും അംബേദ്കറുടെ ചിത്രങ്ങളുയര്‍ത്തി പ്രതിഷേധവും നടത്തി.
മുഖംമൂടി അഴിഞ്ഞുവീണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞു. ‘അംബേദ്കറെ അപമാനിക്കാന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തന്നെ അമിത് ഷാ തിരഞ്ഞെടുത്തു. ഇത് ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവത്തിന്റെ പ്രദര്‍ശനമാണ്. 240 സീറ്റുകളായി ചുരുങ്ങിയതിന് ശേഷം അവര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍, 400 സീറ്റുകള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടാല്‍ അവര്‍ വരുത്തിയേക്കാവുന്ന നാശനഷ്ടങ്ങള്‍ സങ്കല്‍പ്പിക്കുക. ഡോ. അംബേദ്കറുടെ സംഭാവനകളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ അവര്‍ ചരിത്രം തിരുത്തിയെഴുതുമായിരുന്നു’ മമത എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *