ഐഎഫ്എഫ്‌കെയുടെ ഏഴാം ദിനത്തിലെ പാനൽ ചർച്ച ‘ഫീമെയ്ൽ വോയ്‌സസി’ൽ മുഴങ്ങിക്കേട്ടത് സിനിമയിലെ സ്ത്രീശബ്ദം. മേളയ്‌ക്കെത്തിയ പ്രമുഖ വനിതാ ചലച്ചിത്രപ്രവർത്തകർ അണിനിരന്നപ്പോൾ ഹോട്ടൽ ഹൊറൈസണിൽ നടന്ന ചർച്ച കാലിക പ്രസക്തമായി.

സംവിധായിക റിമ ദാസ്, പ്രൊഡക്ഷൻ ഡിസൈനറും അഭിനേത്രിയുമായ അനസൂയ സെൻഗുപ്ത, നടി കനി കുസൃതി, സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ എന്നിവരാണ് ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി നടന്ന ചർച്ചയിൽ പങ്കെടുത്തത്.
മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം മോഡറേറ്ററായ പരിപാടിയിൽ സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിലുള്ള സാധ്യതകളും ചർച്ചയായി.

സിനിമാമേഖലയിൽ സ്ത്രീകൾ കുറവായതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും മികച്ച സിനിമകൾ ചെയ്യണമെന്ന സമ്മർദം സ്ത്രീകൾക്ക് മേൽ ഉണ്ടാകുന്നുവെന്നും സിനിമയിലെ സ്ത്രീ സാന്നിധ്യം സർവ്വസാധാരണമാകണമെന്നും കനി കുസൃതി പറഞ്ഞു.

സിനിമാമേഖലയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്. സിനിമയിലെ അണിയറ പ്രവർത്തനങ്ങൾക്കും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് അവസരങ്ങൾ ഒരുക്കുക എന്നതും അവരുടെ തൊഴിൽ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സാന്നിധ്യം എന്നും സിനിമാമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത് ഈയടുത്ത കാലത്താണെന്നും അനസൂയ സെൻഗുപ്ത പറഞ്ഞു.

സമകാലിക ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും സിനിമാ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങളെപ്പറ്റിയും അതിഥികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന സിനിമകൾ കൂടുതലുണ്ടാകണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. സ്ത്രീകൾ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രതിബന്ധങ്ങളെ പറ്റിയും അവർക്ക് സിനിമാമേഖലയിൽ സുസ്ഥിരമായ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചർച്ചകൾ നീണ്ടു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സ്ത്രീകൾതന്നെ മുന്നോട്ട് വരണമെന്നും പാനൽ ചർച്ച ഓർമപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *