എസ്ഒജി കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിന്റെ ബാക്കിപത്രമാണ് വിനീതിന്റെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാന്‍ഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.ഇതിന് പരിഹമാരമായി ഉപരിപ്ലവമായ നടപടികൾ മതിയാവില്ല. മുഴുവൻ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ പറയുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഉള്ള ജനാധിപത്യവേദി പോലും എസ്ഒജി കമാൻഡോകൾക്ക് നിഷേധിക്കപ്പെടുന്നത് അപമാനകരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
അതേസമയം, എസ്ഒജി കമാന്‍ഡോ വിനീതിന്റെ മരണത്തിൽ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘമെടുത്തു. വിനീതിന്റെ വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിൽ എത്തിയാണ് മൊഴി എടുത്തത്. വിനീത് ഒടുവിൽ നാട്ടിൽ വന്നപ്പോൾ ഉള്ള വിവരങ്ങൾ പ്രത്യേകം ചോദിച്ചറിഞ്ഞു. വാട്സ്ആപ്പ് സന്ദേശം സംബന്ധിച്ച വിവരങ്ങളും തേടി. മൊഴികൾ പരിശോധിച്ച് തുടർനടപടിയുണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.