പുതുവത്സരാഘോഷത്തിന്റെ വിളംബരമായി വെളിച്ചത്തില്‍ കുളിച്ച് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഞായറാഴ്ച വൈകീട്ടാണ് മാനാഞ്ചിറ സ്‌ക്വയര്‍ ദീപാലംകൃതമായത്. ആവേശവും സന്തോഷവും മുറ്റിനിന്ന അന്തരീക്ഷത്തില്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

‘ഇല്യുമിനേറ്റിങ് ജോയി സ്പ്രെഡിങ് ഹാര്‍മണി’ എന്ന പ്രമേയത്തില്‍ വിനോദസഞ്ചാരവകുപ്പാണ് മാനാഞ്ചിറയില്‍ ന്യൂ ഇയര്‍ ലൈറ്റ് ഷോ ഒരുക്കിയിരിക്കുന്നത്. സ്‌നോവേള്‍ഡ് തീമിലാണ് ഇത്തവണത്തെ ദീപാലങ്കാരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെളിച്ചത്തില്‍ തീര്‍ത്ത സ്‌നോമാന്‍, പോളാര്‍ കരടി, പെന്ഗ്വിന്‍, ദിനോസര്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്. ഭൂഗോളം, പിരമിഡ് തുടങ്ങിയവയും മറ്റു വ്യത്യസ്തങ്ങളായ രൂപങ്ങളും വെളിച്ചത്തില്‍ തെളിഞ്ഞു. പ്രത്യേക മാതൃകകള്‍ക്കു പുറമെ, മാനാഞ്ചിറയ്ക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളും ദീപങ്ങളാല്‍ അലംകൃതമാണ്. പുതുവത്സര ദിനം വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ മാനാഞ്ചറ പുതുദീപത്തില്‍ കുളിച്ചുനില്‍ക്കും.

ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സിറ്റി പോലിസ് കമ്മീഷണര്‍ ടി നാരായണന്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, റവ. ഫാദര്‍ ജേക്കബ്ബ് ഡാനിയേല്‍, പട്ടാളപ്പള്ളി ജോ. സെക്രട്ടറി എ വി നൗഷാദ്, ടി പി ദാസന്‍, പി വി ചന്ദ്രന്‍, ഉമ്മര്‍ പാണ്ടികശാല, സി ചാക്കുണ്ണി, അഡ്വ. എം രാജന്‍, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *