സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു.രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സര്‍ക്കാരിനെ വിമര്‍ഷിച്ച് സംസാരിക്കുകയും ചെയ്തു.

അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

”എഫ്‌ഐആര്‍ എങ്ങനെയാണ് ചോര്‍ന്നത്? എഫ്‌ഐആര്‍ ചോര്‍ത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്‌ഐആര്‍ എഴുതി ചോര്‍ത്തിയതിന് പൊലീസും ഡിഎംകെയും ലജ്ജിക്കണം,” ”നിര്‍ഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സിസിടിവി ക്യാമറ ഇല്ലാത്തത്? അണ്ണാമലൈ ചോദിച്ചു. ദുഷ്ടശക്തിയെ (ഡിഎംകെ) നീക്കം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതിനായി മധ്യവര്‍ഗം പുറത്തു വന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യണം. അണ്ണാ യൂണിവേഴ്സിറ്റി വിഷയത്തില്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ പിരിച്ചുവിടണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *