ബോക്‌സിങ് ഡേ ടെസ്റ്റിനിടെ അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ കോലിയെ പരിഹസിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഓസ്ട്രേലിയൻ പത്രങ്ങൾ കോലിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോമാളിയെന്നും ഭീരുവെന്നും കോലിയെ പല മാധ്യമങ്ങളും വിശേഷിപ്പിച്ചു. സംഭവത്തിൽ വിരാട് കോലിക്ക് ഐ.സി.സി നേരത്തേ പിഴ ശിക്ഷ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് കോലിക്ക് പിഴയായി വിധിച്ചത്. താരത്തിന് ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചു.

അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസിന്റെ പ്രകടനം പരാമര്‍ശിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെയാണ് കോലിയെ പരിഹസിക്കാന്‍ ഓസീസ് മാധ്യമങ്ങള്‍ തയ്യാറാതെന്ന് പലരും പ്രതികരിച്ചു. സംഭവത്തില്‍ കോലിക്ക് വിലക്ക് ഏർപ്പെടുത്താത്ത ഐ.സി.സിയുടെ നടപടിയെ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് വിമർശിച്ചിരുന്നു. പിഴ ഏർപ്പെടുത്തിയ ഐ.സി.സി നടപടി തീരെക്കുറഞ്ഞുപോയെന്ന് പോണ്ടിങ് പറഞ്ഞു.

ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനമാണ് കോലിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഐസിസി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദേശിച്ച ശിക്ഷ കോലി അംഗീകരിക്കുകയായിരുന്നു. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ ജോയല്‍ വില്‍സണ്‍, മൈക്കല്‍ ഗോഫ് എന്നിവരും തേര്‍ഡ് അമ്പയര്‍ ഷര്‍ഫുദ്ദൗല ഇബ്നെ ഷാഹിദും നാലാം അമ്പയര്‍ ഷോണ്‍ ക്രെയ്ഗും സംഭവത്തില്‍ കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ആദ്യ സെഷനിടെയായിരുന്നു സംഭവം. 10-ാം ഓവറില്‍ ക്രീസ് മാറുന്നതിനിടെയാണ് കോലി കോണ്‍സ്റ്റാസിന്റെ ചുമലില്‍ വന്നിടിച്ചത്. ഓസീസ് താരം ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും സമാധാനിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കോലിക്കെതിരേ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ജസ്പ്രീത് ബുംറയെ അടക്കം കടന്നാക്രമിച്ച് കോണ്‍സ്റ്റാസ് തകര്‍ത്തുകളിക്കുന്നതിനിടെ താരത്തെ പ്രകോപിപ്പിച്ച് ഏകാഗ്രത നഷ്ടപ്പെടുത്താനുള്ള കോലിയുടെ ശ്രമമായിരുന്നു ഇത്. എന്നാല്‍ ഗ്രൗണ്ടില്‍ ഇതൊക്കെ സാധാരണമാണെന്നും ഇത് അത്ര കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു ആദ്യ ദിനത്തിലെ മത്സര ശേഷം കോണ്‍സ്റ്റാസ് പ്രതികരിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ 65 പന്തില്‍ രണ്ടു സിക്‌സുകളും ആറു ഫോറുമടക്കം 60 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ താരത്തിന് വെറും 19 വയസും 85 ദിവസവും മാത്രമാണ് പ്രായം. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരമാണ് കോണ്‍സ്റ്റാസ്.

Leave a Reply

Your email address will not be published. Required fields are marked *