ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നുവെന്നും ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനഹിതം അട്ടിമറിക്കാന്‍ വേണ്ടി അഭിപ്രായ സര്‍വ്വേകള്‍ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഭരണകക്ഷിക്ക് കിട്ടുന്ന പരിഗണന ഇവിടെ ഒരു ശതമാനമെങ്കിലും യു.ഡി.എഫിന് ലഭിക്കേണ്ടേ? ഇതെന്ത് മാധ്യമ ധര്‍മ്മമാണ്. നരേന്ദ്ര മോദി ദല്‍ഹിയില്‍ ചെയ്യുന്നത് പോലെ ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” ചെന്നിത്തല പറഞ്ഞു.ഏകപക്ഷിയമായ സര്‍വ്വേകള്‍ ജനം തള്ളും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കും എന്ന് പ്രവചിച്ച സര്‍വ്വേ ഒടുവില്‍ പരാജയപ്പെട്ടു.
തിരുവനന്തപുരത്ത് കുമ്മനം ജയിക്കും ശശി തരൂര്‍ തോല്‍ക്കും എന്നും അഭിപ്രായ സര്‍വ്വേകള്‍ പറഞ്ഞിട്ടും ഫലം എന്തായി എന്ന് മനസിലാക്കണം. പാലായില്‍ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞിട്ട് പജയപ്പെട്ടില്ലേ. കഴിഞ്ഞ കാല അനുഭവങ്ങള്‍ മാധ്യമങ്ങള്‍ മറക്കരുത്.മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഒരു കാലത്തും മുന്നോട്ടു പോയിട്ടില്ല. പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ സ്‌പേസുപോലും തരുന്നില്ല.
ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത് ശരിയാണോ? ചില അവതാരകര്‍ ഈ അഞ്ച് വര്‍ഷം കഴിഞ്ഞ് അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി വിജയന്‍ മത്സരിക്കുമെന്ന തരത്തിലാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.ഞാന്‍ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ എന്ത് മാധ്യമ ധര്‍മ്മമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഒരു കമ്പനിക്കാരാണ് സര്‍വ്വേ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അഴിമതിയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യമാണ് നല്‍കിയിരിക്കുന്നത്. കിഫ്ബി വഴി 57 കോടി രൂപയാണ് പരസ്യത്തിന് വേണ്ടി ചിലവഴിച്ചത്. പ്രതിപക്ഷത്തിന് പരസ്യം കൊടുക്കാന്‍ നിവൃത്തിയില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
