ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്‌സ് കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് കാര്‍ പിടിച്ചെടുത്തത്. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. 2019 ല്‍ ഒരു വ്യവസായിക്ക് കാര്‍ വിറ്റതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യവസായിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നത്. കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. കൂടാതെ കാറിന്റെ ഇന്‍ഷൂറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

ബച്ചന്റേത് ഉള്‍പ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *