
കുന്ദമംഗലം : പന്തീർപാടം”അപകട ജംങ്ക്ഷനിൽ ” മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് തുടർകഥയാവുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്. നിരവധി ജീവനുകളാണ് ഈ ജംങ്ക്ഷനിൽ പൊലിഞ്ഞത്. ഏറ്റവും ഒടുവിലത്തെ ഇരയാണ് മാവുർ സ്വദേശി അജയ് ദാസ്. ഇന്നലെ രാത്രി 2 മണിക്ക് പയിമ്പ്ര റോഡിൽ നിന്ന് നൊച്ചിപ്പൊഴിൽ റോഡിലേക്ക് കയറവേ ബൈക്ക് അപകടത്തിൽ പെട്ടാണ് മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് ( 23 ) മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. ജംങ്ക്ഷൻ വീതി കൂട്ടുന്നതിന് സ്ഥലം എം.എൽ.എയുടെ ആവശ്യപ്രകാരം ഒരു സ്വകാര്യ വ്യക്തിയും, ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയും അവരുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് വർഷങ്ങൾക്ക് മുമ്പ് സമ്മതപത്രം നൽകിയിരുന്നെങ്കിലും മറ്റു നടപടികൾ പൂർത്തീകരിച്ചിട്ടില്ല. നാഷണൽ ഹൈവേയിലെ ഏറ്റവും തിരക്കുള്ള റോഡുകൾ സംഗമിക്കുന്ന ഈ ജംങ്ഷനിൽ ഹബ്ബ് ഇടുന്നതിനോ, പോലീസ് സുരക്ഷ ഉറപ്പാക്കുന്നതിനോ അധികൃതർ ഇതേവരേ തയ്യാറായിട്ടില്ല. എത്രയും വേഗം ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ മറ്റൊരു അപകടത്തിലാകും കലാശിക്കുകയെന്നാണ് നാട്ടുകാര്‍ പറയുന്നത്.പ്രസ്തുത വിഷയത്തിൽ അധികാരികൾ ഈ നിലത്തുടരുകയാണെങ്കിൽ സർവ്വ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്ന് മുൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട പറഞ്ഞു
