ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാര്‍ ഒപ്പിട്ടു, അത് എന്തിനാണ്?, മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയത്. മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വൈപ്പിനില്‍ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലെത്തിയാല്‍ കേരളത്തിലെ വിവിധതരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും രാഹുല്‍ പറഞ്ഞു. സാധാരണക്കാരൻ്റെ കൈയ്യിലേക്ക് പണമെത്തിക്കുകയാണ് ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിൻ്റെ ദാനമായിട്ടല്ല പദ്ധതി നടപ്പാക്കുക. പരിചയ സമ്പന്നരും ചെറുപ്പക്കാരെയും ഉൾപ്പെടുത്തിയാണ് കോൺഗ്രസിൻ്റ സ്ഥാനാർത്ഥി പട്ടികയെന്ന് രാഹുൽ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *