പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാ‌ർക്ക് ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. ഭീകരവിരുദ്ധ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. മോത്തി റാം ജാട്ട് എന്നയാളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഡൽഹിയിൽ വച്ചാണ് മോത്തി റാമിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. പട്യാല കോടതി ജൂൺ 6 വരെ പ്രതിയെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ജാട്ട് ചാരവൃത്തിയിൽ വളരെ സജീവമായിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർക്ക് ഇയാൾ കൈമാറിയിട്ടുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ ആരോപിച്ചു. പല മാർഗങ്ങളിലൂടെ പാകിസ്ഥാൻ ഉദ്യോഗസ്ഥരിൽ നിന്നും ജാട്ട് പണം സ്വീകരിച്ചു വരികയായിരുന്നുവെന്നും ഏജൻസി വെളിപ്പെടുത്തി.ഏപ്രിൽ 22ൽ നടന്ന പഹൽഗാം ആക്രമണത്തെത്തുടർന്ന്, സുരക്ഷാ ഏജൻസികൾ തങ്ങളുടെ ചാരവൃത്തി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്എന്നിവിടങ്ങളിൽനിന്ന് 12പേരാണ് ചാരവൃത്തിക്കേസിൽ അറസ്റ്റിലായത്. ഉത്തരേന്ത്യയിലുടനീളം പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ചാരശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *