ന്യൂഡല്‍ഹി: ഭര്‍ത്താവ് പാരുപ്പള്ളി കശ്യപുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്വാള്‍. ഏഴ് വര്‍ഷം നീണ്ട ദാമ്പത്യമാണ് മുന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ അവസാനിപ്പിക്കുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങള്‍ വേര്‍പിരിയാനുള്ള തീരുമാനത്തിലെത്തിയതെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ സൈന ഇസ്റ്റഗ്രാമില്‍ കുറിച്ചു.

”ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും. ഒരുപാട് ആലോചനകള്‍ക്ക് ഒടുവില്‍ ഞാനും പാരുപ്പള്ളി കശ്യപും പിരിയാമെന്ന് തീരുമാനമെടുത്തു. ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി ഈ വഴി തെരഞ്ഞെടുക്കുന്നു. ഇതുവരെ നല്‍കിയ മികച്ച ഓര്‍മകള്‍ക്ക് നന്ദി. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനും മനസ്സിലാക്കുന്നതിനും നിങ്ങളോട് നന്ദി അറിയിക്കുന്നു” സൈന കുറിച്ചു.

ദീര്‍ഘകാല പ്രണയത്തിനുശേഷം, 2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റന്‍ താരമാണ് പി.കശ്യപ്. 2012ല്‍ കശ്യപിന് കേന്ദ്രസര്‍ക്കാര്‍ അര്‍ജുന പുരസ്‌കാരം നല്‍കി. 2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ കശ്യപ് സ്വര്‍ണവും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *