ഉപേക്ഷിക്കപ്പെട്ട വീടിനുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായകമായി പഴയ ‘നോക്കിയ ഫോണ്‍’. 10 വര്‍ഷം മുമ്പ് മരിച്ചതായി സംശയിക്കപ്പെടുന്ന അമീര്‍ ഖാന്റേതാണ് അസ്ഥികൂട അവശിഷ്ടങ്ങളെന്ന് ചൊവ്വാഴ്ച പോലീസ് അറിയിച്ചു. ഹൈദരാബാദിലെ നമ്പള്ളിയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് തിങ്കളാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്.

To advertise here,
തിങ്കളാഴ്ച ഈ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കേ വീട്ടിനുള്ളിലേക്ക് വീണ ക്രിക്കറ്റ് പന്ത് എടുക്കാന്‍ അകത്ത് കയറിയ ഒരു പ്രദേശവാസി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നപ്പോഴാണ് അസ്ഥികൂട ദൃശ്യം പുറത്തായത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒരു പഴയ നോക്കിയ മൊബൈല്‍ ഫോണും നിരോധിച്ച കറന്‍സി നോട്ടുകളും കണ്ടെത്തി. ഫോണ്‍ നന്നാക്കിയ ശേഷം പരിശോധിച്ചപ്പോള്‍ 2015-ല്‍ 84 മിസ്ഡ് കോളുകള്‍ വന്നതായി കണ്ടെത്തി. ഇതോടെയാണ് മരിച്ചത് അമീര്‍ ഖാനാണെന്ന് മനസിലായത്. മുനീര്‍ ഖാന്‍ എന്നയാളുടേതാണ് വീട്. മുനീറിന് 10 കുട്ടികള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്‍ അമീര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മുനീര്‍ ഖാന്‍ 2013-ല്‍ മരിച്ചിരുന്നു. അമീര്‍ ഖാന്‍ മരിച്ചിട്ട് 10 വര്‍ഷത്തോളമായെന്നാണ് പോലീസ് നിഗമനം.

”ഇയാള്‍ മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. അസ്ഥികള്‍ പോലും തകര്‍ന്നു തുടങ്ങിയിരുന്നു. ഒരു മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ രക്തത്തിന്റെ പാടുകളോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം 10 വര്‍ഷം മുമ്പ് മരിച്ചിരിക്കണം. അദ്ദേഹത്തിന്റെ സഹോദരങ്ങളോ മറ്റോ അദ്ദേഹത്തെ അന്വേഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തോന്നുന്നു. ഫോണിന് പുറമേ, തലയിണയ്ക്കടിയില്‍ നിന്ന് നിരോധിത കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ 2016-ലെ നോട്ട് നിരോധനത്തിന് മുമ്പാണ് മരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.” – അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) കിഷന്‍ കുമാര്‍ പറഞ്ഞു. അസ്ഥികൂട അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *