
രാജ്യത്ത് ആദ്യമായി മൈനിങ് ടൂറിസം പദ്ധതി ആരംഭിക്കാൻ ഒരുങ്ങി ജാർഖണ്ഡ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (ജെടിഡിസി) സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡുമായി (സിസിഎൽ) ധാരണാപത്രത്തിൽ ഒപ്പുവച്ചു. അടുത്തിടെ ബാഴ്‌സലോണ സന്ദർശനത്തിനിടെ ഗാവാ മ്യൂസിയത്തിൽ പുരാതന ഖനനരീതികളും നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങളും കണ്ട മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിർദേശപ്രകാരമാണ് ഈ സംരംഭം ആരംഭിക്കുന്നത്. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
കൽക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കൾ എന്നിവയുടെ ഖനികൾക്ക് പേരുകേട്ട നാടാണ് ജാർഖണ്ഡ്. ഇപ്പോൾ ഈ ഖനികളുടെ പൈതൃകവും ഖനന പ്രക്രിയയും ടൂറിസത്തിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതുവഴി സംസ്ഥാനത്ത് സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൽക്കരി ഖനികൾ, ഖനന പ്രക്രിയകൾ, ഉപകരണങ്ങൾ, ഖനനവുമായി ബന്ധപ്പെട്ട ചരിത്രപരമായ സവിശേഷതകൾ എന്നിവ നേരിട്ട് കണ്ടറിയാൻ മൈനിങ് ടൂറിസം പദ്ധതിയിലൂടെ വിനോദസഞ്ചാരികൾക്ക് അവസരം ലഭിക്കും.
ഇതുവരെ ജാർഖണ്ഡ് ഒരു ഖനന സംസ്ഥാനം എന്ന നിലയിൽ മാത്രമാണ് അറിയപ്പെട്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ അത് മൈനിങ് ടൂറിസത്തിനായും തുറന്നിരിക്കുകയാണെന്നും സംസ്ഥാന ടൂറിസം മന്ത്രി സുദിവ്യ കുമാർ പറഞ്ഞു.സിസിഎല്ലുമായി സഹകരിച്ച് സംസ്ഥാനത്ത് മൈനിങ് ടൂറിസത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഞങ്ങൾ നടത്തിയിരിക്കുന്നു. ഖനന പ്രദേശം വിനോദസഞ്ചാരികൾക്കും സാധാരണക്കാർക്കും വിദ്യാഭ്യാസ ഗ്രൂപ്പുകൾക്കുമായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാർഖണ്ഡിന്റെ സമ്പന്നമായ ഖനന പൈതൃകത്തെ ആകർഷകമായ വിനോദസഞ്ചാര അനുഭവമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്നും അഞ്ച് വർഷത്തേക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് മൈനിങ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ ഭാഗമായി, രാജ്യത്ത് ആദ്യമായി ഒരു ഓപ്പൺ കാസ്റ്റ് ഖനി ടൂറിസത്തിനായി തുറന്നുകൊടുക്കും.
പ്രാരംഭ ഘട്ടത്തിൽ, രാംഗഡ് ജില്ലയിലെ നോർത്ത് ഉറിമാരി ഖനികൾ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. ഖനന പ്രദേശത്ത് സുരക്ഷിതമായ രീതിയിൽ ഖനന പ്രക്രിയ അടുത്തുനിന്ന് കാണാൻ വിനോദസഞ്ചാരികൾക്ക് അവസരം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിലൂടെ ഖനന സാങ്കേതികവിദ്യ, പരിസ്ഥിതി പരിപാലനം, ഖനിത്തൊഴിലാളികളുടെ തൊഴിൽ ജീവിതം എന്നിവയെക്കുറിച്ച് മനസ്സിലാക്കാനും കഴിയും.
സംസ്ഥാനത്ത് മൂന്ന് പ്രത്യേക മൈനിങ് ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ സർക്യൂട്ടുകളിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തെ പ്രാദേശിക തൊഴിൽ, സാമ്പത്തിക പ്രവർത്തനങ്ങൾ, സാംസ്കാരിക തനിമ എന്നിവ ശക്തിപ്പെടുത്തുകയും ലക്ഷ്യമാണ്.
ഇതിനുപുറമെ, സമീപത്തുള്ള പലാനി വെള്ളച്ചാട്ടം, പത്രാതു താഴ്‌വര, തിരു വെള്ളച്ചാട്ടം എന്നിവയും ഈ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തും. അതുവഴി സമഗ്രമായ ടൂറിസം അനുഭവം വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാർഖണ്ഡിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന നിരവധി കൽക്കരി ഖനി പ്രദേശങ്ങളുണ്ട്. അത്തരം സ്ഥലങ്ങളിലും ടൂറിസം സാധ്യത വികസിപ്പിക്കും.
