രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്തിനാണ് തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചതെന്നും എന്തിന് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും കമ്മീഷന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇത്തരം നടപടികള്‍ക്കുപിന്നിലെ ചേതോവികാരമെന്തെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ വിശദീകരിക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
രാജ്യസഭാ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാ അവകാശമാണ്. അത് മാറ്റിവെച്ചതിന്റെ വ്യക്തമായ കാരണം ഇതുവരെ അറിയിച്ചിട്ടില്ല. അത് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി പത്രിക തള്ളിയത് ബിജെപി- കോണ്‍ഗ്രസ് രഹസ്യധാരണ മൂലമാണെന്ന ആരോപണവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചത് ബിജെപിയുമായുള്ള ഡീല്‍ ഉറപ്പിച്ചതിന്റെ സ്ഥിരീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണം. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരു വര്‍ഗ്ഗീയ ശക്തിയുടേയും സഹായംവേണ്ടെന്നും ഈ ശക്തികളോട് ഇടതുപക്ഷത്തിന് ഒരു സന്ധിയുമില്ലെന്നും മുഖ്യമന്ത്രി നിലപാടറിയിച്ചു. നാല് വോട്ടിനുവേണ്ടി വര്‍ഗ്ഗീയ ശക്തികളോട് കൂട്ടുകൂടുന്നവരല്ല എല്ഡിഫുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
