അപകടകാരിയായ സെറോടൈപ്പ്- 2 ഡെങ്കി വൈറസ് കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു.കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോടൈപ്പ്- 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡെങ്കി വൈറസ് റിപ്പോർട്ട് ചെയ്ത കേരളമുൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്.
സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പനി സംബന്ധിച്ച ഹെൽപ് ഡെസ്കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ സ്റ്റോക്ക് ചെയ്ത് വെക്കണം. അവശ്യമായ ലാർവിസൈഡ്സും മറ്റു മരുന്നുകളും സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
