ദില്ലി: ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആകാശപ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. സെപ്റ്റംബർ 7, 8 തീയതികളിൽ ഒരു സമ്പൂർണ ചന്ദ്രഗ്രഹണം നടക്കാൻ പോവുകയാണ്. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പൂർണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തുമുള്ള ആളുകൾക്ക് ദൃശ്യമാകും.
കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും.
രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും.
നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31 വരെ കാത്തിരിക്കണം.
