ന്യൂഡൽഹി : പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ ശ്രമിച്ച ഇന്ത്യാ സഖ്യത്തിന്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ അപ്രതീക്ഷിത തിരിച്ചടി. ജയസാധ്യതയില്ലായിരുന്നെങ്കിലും 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ.

പ്രതിപക്ഷത്തെ 315 എംപിമാർ വോട്ടു ചെയ്തതായി കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്സിൽ കുറിക്കുകയും ചെയ്തു. എന്നാൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ നേടിയത് ആകെ 300 വോട്ട്. 15 വോട്ടുകൾ ചോർന്നതിനെപ്പറ്റിയുള്ള ചർച്ച വരുംദിവസങ്ങളിലും തുടരും.

ബിആർഎസ്, ബിജെഡി, അകാലിദൾ തുടങ്ങിയവരടക്കം വോട്ടു ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഇവരും സ്വതന്ത്രരുമടക്കം 13 എംപിമാരാണ് വോട്ടു രേഖപ്പെടുത്താതിരുന്നത്. ഒരാൾ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയെങ്കിലും വരണാധികാരി അംഗീകരിച്ചില്ല.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷമാണ് രാധാകൃഷ്ണന്റേത്. 2002 ൽ ഭൈറോൺ സിങ് ശെഖാവത്ത് നേടിയ 149 വോട്ടായിരുന്നു ഇതിനു മുൻപത്തെ കുറഞ്ഞ ഭൂരിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *