മുതിര്‍ന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ നഗരപ്രദേശത്ത് വസിക്കുന്ന 65 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് അവരവരുടെ സ്ഥലങ്ങളില്‍ തന്നെ ആരോഗ്യപരിരക്ഷയും മാനസിക ഉല്ലാസവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന് ആഭിമുഖ്യത്തില്‍ വയോമിത്രം പദ്ധതി നടപ്പാക്കി വരുന്നത്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വരുമാന പരിധിയില്ലാതെ സൗജന്യമായി ജീവിതശൈലീ രോഗ നിയന്ത്രണ മരുന്നുകള്‍, പാലിയേറ്റീവ് സേവനം, ഹെല്‍പ്പ് ഡെസ്ക് സേവനം, കൗണ്‍സലിംഗ് സേവനം, വാതില്‍പ്പടി സേവനം എന്നിവ നല്‍കുന്നതാണ് പദ്ധതി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ടീം കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാരായ മുതിര്‍ന്ന പൗരന്മാര്ക്കും വീടുകളിലെത്തി ചികിത്സ, മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളും നല്കി വരുന്നതാണ് വയോമിത്രം പദ്ധതിയിലെ വാതില്‍പ്പടി സേവനം. ഡിമന്‍ഷ്യ/അല്‍ഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് നടത്തുന്നതിന് ഓര്‍മ്മത്തോണി എന്ന പുതിയ പദ്ധതിയും സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപ്പിലാക്കുന്നുണ്ട്.
വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കളായ വയോജനങ്ങളിലെ ഡിമന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും പരിചരണം നല്കുന്നതിനുമാണ് ഓര്‍മ്മത്തോണി പദ്ധതി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
