തനിക്കെതിരായ വ്യാജ പ്രചാരണത്തെ ശക്തമായി നേരിടുമെന്ന് കെ ജെ ഷൈൻ ടീച്ചർ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട് അവര്‍ പറഞ്ഞു. നടക്കുന്നത് ഹീനമായ വ്യക്തി അധിക്ഷേപം. വ്യാജ ആരോപണം ആസൂത്രിതമായിട്ടുള്ളതാണ്. തനിക്കെതിരെ ഇത്തരം വ്യാജ പ്രചരണം വരാൻ പോകുന്നുവെന്ന് സുഹൃത്തായ കോൺഗ്രസ് പ്രാദേശിക നേതാവ് പറഞ്ഞു. ഒരു ബോംബ് പൊട്ടുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നത് എല്ലാവരും കേട്ടിരുന്നു. അത് ഇതാണോയെന്ന് സംശയമുണ്ടെന്ന് കെ ജെ ഷൈൻ ടീച്ചര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തന്നെ ഇരയാക്കിയെന്നും അവര്‍ പറഞ്ഞു. സൈബര്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്നും ആക്രമണം വന്നപ്പോള്‍ ഭയന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസും വലതുപക്ഷത്തെ ചില മാധ്യമങ്ങളുമാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കെ ജെ ഷൈൻ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങളില്‍ ആദ്യം മാനസിക ബുദ്ധിമുട്ടുണ്ടായി. ആരെയും എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന് ജീര്‍ണത സംഭവിച്ചുവെന്നും ഷൈൻ കൂട്ടിച്ചേർത്തു.
എന്തെങ്കിലും കേട്ടാല്‍ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നല്‍കണം. മനോവൈകൃതം ബാധിച്ച ഒരു പ്രായമുണ്ട്. നേര്‍വഴിക്ക് നടത്താന്‍ ആരുമില്ലാത്ത ചിലയാളുകള്‍ യൂട്യൂബ് ചാനലില്‍ വന്നിരുന്നത് എന്തെല്ലാമാണ് പറയുന്നത്. ഇത്തരക്കാരെ വെറുതെവിടില്ലെന്ന് കെ.ജെ.ഷൈന്‍ പറഞ്ഞു.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷൈൻ ടീച്ചര്‍ പങ്കുവെച്ചിരുന്നു.
