സംസ്ഥാന യൂത്ത് കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു. ലൈംഗികാരോപണത്തിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് നടപടി. പഴയ കമ്മിറ്റിയെ പൂർണമായും നീക്കി പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ദേശീയ കമ്മിറ്റി അറിയിച്ചു. പിരിച്ചുവിട്ട കാര്യം ദേശീയ ചെയർമാൻ മനു ജെയിൻ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.
യൂത്ത് കോൺഗ്രസിന്‍റെ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ അടക്കം സകല സോഷ്യൽമീഡിയ ഹാൻഡിലുകളും കൈകാര്യം ചെയ്തിരുന്നത് ഈ കമ്മിറ്റി ആയിരുന്നു. 12 പേരടങ്ങിയ കമ്മിറ്റിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അനുകൂലികളാണ് ഉണ്ടായിരുന്നത്.
രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ സൈബർ ഇടത്തിൽ സംരക്ഷിക്കാനും, ഇരകളെ അധിക്ഷേപിക്കാനും ഇവരാണ് വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ഇവർ സൈബറാക്രമണം നടത്തിയിരുന്നു.
