സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതിഷേധത്തിൽ പങ്കെടുത്ത 50 പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. പ്രതിഷേധം എങ്ങനെ അക്രമാസക്തമായി എന്ന് കേന്ദ്രം അന്വേഷിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.
എന്നാൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച ലേയിലും ലഡാക്കിലും ഉണ്ടായ സംഘർഷത്തിൽ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി. സോനം വാങ്ചുക്ക് ആക്രമങ്ങൾക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് സോനത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്. നിരാഹാര സമരം പിൻവലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടർന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം.
ലഡാക്കിന് സംസ്ഥാന പദവിയും ഒപ്പം ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ആവശ്യങ്ങളില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നീട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
എന്നാല്‍ സംഘര്‍ഷത്തെ അനുകൂലിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മഹബൂബ് മുഫ്തിയും രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപി പറയുന്നത്.
പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. 22 പൊലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരുക്കുമുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു.
