വയോജന ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കിയതിനുള്ള അംഗീകാരമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പിന്റെ വയോ സേവന പുരസ്കാരത്തിന് അർഹമായി.
കേരളത്തിലെ പഞ്ചായത്തുകളിൽ വയോജനങ്ങൾക്ക് ഏറ്റവും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിലും ഒളവണ്ണ പഞ്ചായത്ത് ഒന്നാമതെത്തുകയായിരുന്നു.
പഞ്ചായത്ത് തലത്തിൽ വയോജന ക്ലബ്ബുകൾ,പകൽവീടുകൾ, വയോജന പാർക്ക്, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ,ഓപ്പൺ ജിം, യോഗാ ക്ലാസുകൾ തുടങ്ങി മുതിർന്ന പൗരന്മാരുടെ ആരോഗ്യവും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്ന നിരവധി പരിപാടികൾ നടപ്പിലാക്കി.
കൂടാതെ, ‘ഇ-മുറ്റം’ പദ്ധതിയിലൂടെ ഡിജിറ്റൽ പഠനത്തിന് അവസരം, വയോജനോത്സവങ്ങൾ, വിനോദ-സാംസ്കാരിക പരിപാടികൾ, ഉല്ലാസയാത്രകൾ എന്നിവയും പഞ്ചായത്ത് സജീവമായി സംഘടിപ്പിച്ചു.
ഈ പദ്ധതികൾ എല്ലാം ചേർന്നാണ് ഒളവണ്ണ പഞ്ചായത്തിനെ കേരളത്തിലെ വയോജന സൗഹൃദ പഞ്ചായത്തുകളുടെ മാതൃകയായി ഉയർത്തിക്കൊണ്ടുവന്നത്.
പഞ്ചായത്തിൻറെ നേതൃത്വവും ജനപങ്കാളിത്തവും ചേർന്നാണ് ഈ നേട്ടം സാധ്യമായത്. വയോജനങ്ങളുടെ ആത്മവിശ്വാസവും സാമൂഹിക സുരക്ഷയും വർദ്ധിപ്പിക്കുന്ന പദ്ധതികളാണ് പുരസ്കാരത്തിനർഹമാക്കിയത്.
