ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ടിവികെ നേതാക്കളെ റിമാൻഡ് ചെയ്തു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ, കരൂർ സെൻട്രൽ സിറ്റി സെക്രട്ടറി പൗൺ രാജ് എന്നിവരെയാണ് കരൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയതിന് മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനായുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗൺ രാജ്, മതിയഴകനെ ഒളിവിൽ പോകാൻ സഹായിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, അറസ്റ്റ് ഭയന്ന് മറ്റ് ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

അപകടത്തിന് തങ്ങൾ ഉത്തരവാദിയല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചതും, ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞതും, ആംബുലൻസ് സ്ഥലത്തേക്ക് വന്നതുമാണ് പരിഭ്രാന്തിക്കിടയാക്കിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

കരൂർ ദുരന്തത്തിൽ മനംനൊന്ത് വിഴുപ്പുറം ജില്ലയിലെ ടിവികെ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളായ വി. അയ്യപ്പൻ ജീവനൊടുക്കി. ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് അപകടത്തിന് കാരണക്കാരൻ എന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും ഇദ്ദേഹത്തിൻ്റേതായി പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *