മലപ്പുറം: പൊന്നാനിയിൽ വീടിന്റെ ഓടിളക്കി അകത്ത് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. ആനപ്പടി സ്വദേശിയായ അക്ബറിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതോടെ കുട്ടി ബഹളം വെച്ചതാണ് സംഭവം പുറത്തറിയാൻ കാരണം. പെൺകുട്ടിയും അമ്മയും ചേർന്ന് ലൈറ്റിട്ടപ്പോൾ പ്രതി പിൻവാതിൽ വഴി ഓടിപ്പോകുന്നത് കണ്ടിരുന്നു. തുടർന്ന് പരിസരവാസികളും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അയൽവാസികളായ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലങ്ങളിലും അലക്കുന്ന സ്ഥലങ്ങളിലും ഇയാൾ സംശയാസ്പദമായ രീതിയിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പല സമയത്തും നാട്ടുകാർ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. അവിവാഹിതനും ലഹരിക്കടിമയുമായ പ്രതി, പെൺകുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രികാലങ്ങളിൽ സ്ഥിരമായി ചുറ്റിത്തിരിഞ്ഞിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ മുമ്പും ഇത്തരത്തിലുള്ള കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *