മലപ്പുറം: ജീവിതത്തിന്റെ രണ്ടാം ബാല്യം ആസ്വദിക്കുന്ന മലപ്പുറത്തെ മൂവായിരത്തിലധികം വയോജനങ്ങൾ ഒന്നിച്ചൊരു യാത്ര പോകുന്നു. അതും സൗജന്യമായി. രാജ്യം കണ്ടതിൽ തന്നെ ഏറ്റവും വലിയ വയോജന ഉല്ലാസ യാത്രയെന്ന ഖ്യാതി ഇതിനുണ്ട്.

മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തിൽ അൽഹിന്ദ് ട്രാവൽസ് നേതൃത്വം നൽകുന്ന മുതിർന്ന പൗരന്മാരുടെ ഈ ഉല്ലാസയാത്ര പുതുചരിത്രം സൃഷ്ടിക്കും. യൂണിവേഴ്സൽ ബുക്ക് വൾഡ്‌ റെക്കോർഡ്സ് ഈ യാത്ര ഇതുവരെ നടന്നതിൽ ഏറ്റവും വലിയതും സവിശേഷവും ആകുമെന്ന് ഇതിനകം സാക്ഷ്യപ്പെടുത്താനായി.

മലപ്പുറം നഗരസഭയിലെ 40വാർഡുകളിൽ നിന്നും 3010വയോജങ്ങളെയും കൊണ്ട് 80 ബസുകളിലായുള്ള യാത്രക്കിനി 3ദിവസം കൂടിയേ ഉള്ളൂ. ഒക്ടോബർ 7ന് രാവിലെ 6ന് മലപ്പുറം കോട്ടക്കുന്നിൽ ഫ്ലാഗ് ചെയ്യും.
ജില്ലാ കലക്ടർ, എം പി, എംഎൽഎ മാർ ഉൾപ്പെടെ വിവിധ ജനപ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ ചടങ്ങിൽ സംബന്ധിക്കും.
യാത്രയിൽ ഉടനീളം സഹായത്തിനായി അതത് വാർഡ് അംഗങ്ങളും കുടുംബശ്രീ, ഐസിഡിഎസ്, അൽഹിന്ദ് പ്രതിനിധികളും വയോജനങ്ങൾക്ക് ഒപ്പമുണ്ടാകും.

വയനാട്ടിൽ പൂക്കോട് തടാകം, കാരപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. യാത്രമധ്യേ അരീക്കോടും വയനാട്ടിലുമുള്ള വിവിധ ഓഡിറ്റോറിയങ്ങളിൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിശ്രമവും ഒരുക്കും. ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവും ആംബുലൻസുകളും, യൂണിവേഴ്സൽ ബുക്ക് വൾഡ്‌ റെക്കോർഡ്സ് സംഘവും മറ്റ് സന്നദ്ധ സംഘടനാ അംഗങ്ങളും യാത്രയിലുടനീളം അനുഗമിക്കും.
മലപ്പുറം, വയനാട് ജില്ലാ കലക്ടർമാർ, മലപ്പുറം മുനിസിപ്പൽ ചെയർമാൻ, ഡിടിപിസി, അൽഹിന്ദ് ഹോളിഡേയ്‌സ് പ്രനിധികൾ എന്നിവരുടെ നേതൃത്വത്തിൽ യാത്ര ഒരുക്കങ്ങൾ വിലയിരുത്തി.

മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാഡേരിയുടെ നേതൃത്വത്തിൽ തികച്ചും സൗജന്യമായാണ് വയോജനങ്ങളെ ഈ ഉല്ലാസ യാത്രക്ക് കൊണ്ടുപോകുന്നത്. യാത്രയിൽ പങ്കെടുക്കുന്ന മുഴുവൻ യാത്രക്കാർക്കും നഗരസഭയുടെ സ്നേഹോപഹാരവുമുണ്ടാകും.

ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് 3പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഡോമസ്റ്റിക് ഇന്റർനാഷണൽ ടൂർ പാക്കേജുകൾ സംഘട്ടിപ്പിച്ച് പരിചയസമ്പത്തുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവസ്ൽസ് ആണ് ഈ പാക്കേജിന് ആവശ്യമായ സൗകര്യങ്ങൾ എല്ലാം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *