ഏറ്റവും അപകടകരമായ കാര്യങ്ങൾ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആക്കി മാറ്റാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. അത്തരത്തിൽ അതി സാഹസികത നിറഞ്ഞ ട്രക്കിങ്ങുകൾ ഇഷ്ടപ്പെടുന്ന ആളുകൾ പോകുന്ന ഇടമാണ് ഇന്ത്യയിലെ പിൻ പാർവതി പാസ്. മഞ്ഞുമൂടിയ മലനിരകളും അനിശ്ചിതമായ ഭൂപ്രകൃതിയിലൂടെയും അഗാധ ഗർത്തങ്ങളും മനോഹരമായ പാതകളും താണ്ടി മരണത്തെ മുഖാമുഖം കണ്ട് ട്രക്കിങ് പൂർത്തിയാക്കി എത്തിയിരിക്കുകയാണ് കോഴിക്കോട് ആരാമ്പ്രം സ്വദേശി മുഹമ്മദ്‌ ഡാനിഷ്. പത്തു ദിവസമെടുത്താണ് ട്രക്കിങ് പൂർത്തിയാക്കിയത്.

ട്രക്കിങ്ങിലെ ചില ഘട്ടങ്ങളിൽ ശരീരം തകർന്ന് യാത്ര പൂർത്തിയാക്കാൻ ആകാതെ മടങ്ങേണ്ടി വരുമെന്നും, പാറകൾ മുറിച്ചു കടക്കുമ്പോൾ കാലിടറി അഗാധ ഗർത്തത്തിലോ, പാർവതി നദിയിലോ പതിച്ചേക്കുമെന്നും ഭയന്നിരുന്നതായി പറയുമ്പോഴും ട്രക്കിങ് പൂർത്തിയാക്കണമെന്ന അതിയായ ആഗ്രഹമാണ് ഉള്ളിലുണ്ടായിരുന്നതെന്ന് ഡാനിഷ് പറഞ്ഞു.

കോഴിക്കോട് നിന്നും ഡൽഹിയിലേക്ക് വിമാനത്തിലും ഡൽഹിയിൽ നിന്ന് കാസോളിലേക്ക് ബസ് മാർഗവുമാണ് സഞ്ചരിച്ചത്. കസോളിൽ മണ്ണിടിച്ചിൽ റോഡുൾപ്പെടെ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ട അവസ്‌ഥയിലായിരുന്നു കുറച്ചു നാളുകളായി. ഇവിടെ റോഡ് പുനസ്‌ഥാപിച്ച രണ്ടാം നാൾ ആണ് ഡാനിഷ് അവിടെയെത്തുന്നത്. ആദ്യം മാണ്ഡിയിലേക്ക് ബസ് യാത്ര. അവിടെനിന്നും ലോക്കൽ ബസിൽ കുന്ദറിലേക്ക്. മണ്ണിടിച്ചിൽ ഉണ്ടായതിന്റെ തീവ്ര ശേഷിപ്പുകൾ കണ്ട് 2ദിവസം കൊണ്ട് കാസോളിലെത്തി.

2 ആംസ്റ്റർഡാം സ്വദേശികളും ഒരു സ്ലോവേനിയ ൻ പെൺകുട്ടിയും ഒരു ഡൽഹി സ്വദേശിക്കുമൊപ്പം 5പേരടങ്ങുന്ന സംഘമായാണ് ട്രക്കിങ് ആരംഭിച്ചത്. 2 ഗൈഡുൾപ്പെടെ 12പേർ അടങ്ങുന്ന ടീം എല്ലാവിധ സഹായ സജ്ജീകരണങ്ങളും നൽകി ഒപ്പമുണ്ടെയായിരുന്നു.

പാർവതി നദിയുടെ കരയിലെ നിരവധി മലനിരകൾ കയറിയും ഇറങ്ങിയും കടന്നാണ് യാത്ര. ടെൻഡിൽ താമസവും. ട്രക്കിങ്ങിന്റെ മൂന്നാം ദിനത്തിൽ മരണം മുന്നിൽ കണ്ടായിരുന്നു യാത്ര. കുത്തനെയുള്ള മലനിരയിൽ കാലൊന്നു തെറ്റിയാൽ നദിയിൽ പതിക്കുമെന്ന അവസ്‌ഥ. അന്തരീക്ഷം മാറി ഓക്സിജൻ ലെവൽ കുറയാനും തണുപ്പ് കൂടാനും തുടങ്ങി. എങ്കിലും 11കിലോമീറ്റർ സഞ്ചരിച്ചു. പാർവതി നദിയുടെ ഉത്ഭവം കണ്ടു. അടുത്ത ദിവസം പുലർച്ചെ നാലരക്ക് ട്രക്കിങ് പുനരാരംഭിച്ചു. പിൻ പാർവതിയിലേക്ക് ഇനി കുറച്ചു മാത്രം എന്നുറപ്പിച്ച് യാത്ര തുടർന്നു. ഇതിനോടകം നിരവധി കൊടുമുടികൾ കണ്ടു, മനോഹരമായ താഴ്‌വാരകളും. എന്നാൽ, മഞ്ഞിൽ മറഞ്ഞിരിക്കുന്ന വിളളലുകൾ ഭയാനകമായ ഭീഷണി ഉയർത്തി നിന്ന ഘട്ടത്തിൽ ഗൈഡിന്റെ സഹായത്തോടെ സാഹചര്യവും മറികടന്നു. കണ്ട കാഴ്ചകളുടെ അനുഭൂതിയിൽ യാത്രക്കിടെ നേരിട്ടവയെല്ലാം അനുഭവങ്ങളുടെ പട്ടികയിലേക്ക് ചേർത്തു നടന്നുകയറിയത് 5300 മീറ്റർ ഉയരത്തിലേക്കാണ്.


ഒടുവിൽ അവിടെ നിന്നിറങ്ങി അടുത്ത ക്യാമ്പ് സൈറ്റിലേക്ക് തിരിച്ചു. കയറ്റത്തേക്കാൾ ബുദ്ധിമുട്ടായത് ഇറക്കമാണെന്ന് ഡാനിഷ് ഓർത്തു. കാലുവേദനയും ബോധക്ഷയവും ഉണ്ടായി. ടെൻഡിലെത്തി ക്ഷീണം വിട്ടശേഷമാണ് തിരിച്ചു പോന്നത്.
ഒപ്പം ഉണ്ടായിരുന്നവരും പരസ്പരം താങ്ങായി കൂടെ നിന്നതും ട്രക്കിങ് നല്ലൊരു അനുഭവമാക്കി. ട്രക്കിങ് സുഖമമായി പൂർത്തിയാക്കാൻ 30കിലോ ശശീര ഭാരമാണ് ബിസിനസുകാരനായ ഡാനിഷ് കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *