കൊല്ലം: കൊട്ടാരക്കരയിൽ ക്ഷേത്രവഞ്ചികൾ തകർത്ത് പണം മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധനായ പ്രതി പോലീസ് പിടിയിൽ. കൊറ്റങ്കര ആലുംമൂട് ബിൻസിഭവനിൽ ബിജു ജോർജ് (മൊട്ട ബിജു-55) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

നെല്ലിക്കുന്നം തുടന്തല മഠത്തിൽ ഭൂതത്താൻകാവ് സദാശിവമൂർത്തി ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ അറസ്റ്റ്. ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് 9,500 രൂപയും ക്ഷേത്രവഞ്ചിയിൽനിന്ന് 2,000 രൂപയും ഇയാൾ കവർന്നിരുന്നു. നേരത്തെ എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രമോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ബിജു ജോർജ് തുടന്തല ക്ഷേത്രത്തിൽ വീണ്ടും മോഷണം നടത്തിയത്.

വിവിധ ജില്ലകളിലായി പതിനഞ്ചോളം ക്ഷേത്ര മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മോഷണത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതാണ് ഇയാളുടെ രീതി. മൊബൈൽ ഫോണോ മറ്റു സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കാത്തതിനാൽ പിടികൂടുക പ്രയാസമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കലയിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *