ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട് ഈ സര്‍ക്കാരിന്‍റെ കാലത്തു ഭക്തജന ക്ഷേമം കണക്കാക്കി ഒട്ടനവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടന്നും മന്ത്രി വി എന്‍ വാസവന്‍ ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിലെ യാദൃശ്ചികചിലവുകള്‍ നേരിടുന്നതിന് കൈവശം വയ്ക്കുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നതിനും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും, ഭരണസമിതി അംഗങ്ങള്‍ക്കും, ഓണറേറിയവും സിറ്റിംഗ് ഫീസും അനുവദിക്കുന്നതിനും അനുമതി നല്‍കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അവതരിപ്പിച്ച 2025 – ലെ ഗുരുവായൂര്‍ ദേവസ്വം ബില്‍ ഭേദഗതി നിയമസഭ പാസാക്കി.
1978 ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് അനുസരിച്ച് സെക്ഷന്‍ 17 (3) പ്രകാരം 5000 രൂപ മാത്രമാണ് നിലവില്‍ രണ്ട് ഭരണസമിതി മീറ്റിംഗുകള്‍ക്കിടയില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കു യാദൃച്ഛിക ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയൊള്ളൂ. ഇത് ദേവസ്വത്തിന് ഭരണപരമായ ഒട്ടേറെ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പ്രസ്തുത തുകയുടെ പരിധി ഉയര്‍ത്തേണ്ടതു വളരെ അത്യാവശ്യമാണെന്നതിനാലാണ് പ്രസ്തുത ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. ഭേദഗതി അനുസരിച്ച് രണ്ട് ഭരണസമിതി മീറ്റിംഗുകള്‍ക്കിടയില്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക യാദൃച്ഛിക ചെലവുകള്‍ക്കുള്ള തുക നിലവിലെ അയ്യായിരത്തില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്.
തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകളില്‍ പ്രസിഡന്‍റിനും അംഗങ്ങള്‍ക്കും ഓണറേറിയവും സിറ്റിംഗ് ഫീസും റ്റി.എ / ഡിഎ യും അനുവദിക്കുന്നുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്‍റിനും അംഗങ്ങള്‍ക്കും ഓണറേറിയവും റ്റി.എ / ഡി.എ അനുവദിക്കുന്നുണ്ട്, സിറ്റിംഗ് ഫീസ് അനുവദിക്കുന്നില്ല. ഗുരുവായൂര്‍ ദേവസ്വത്തിനും കൂടല്‍ മാണിക്യം ദേവസ്വത്തിനും ഓണറേറിയവും സിറ്റിംഗ് ഫീസും അനുവദിക്കുന്നില്ല. റ്റി.എ / ഡി.എ അനുവദിക്കുന്നുണ്ട്. വികസനോډുഖമായ പദ്ധതികളും ഭക്തജന സൗഹൃദമായ വിവിധ പദ്ധതികളും ആത്മാര്‍ത്ഥയോടെ നടപ്പിലാക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തില്‍ ദേവസ്വം സ്വയം പര്യാപ്തമായിരുന്നിട്ടു കൂടി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങള്‍ക്കും റ്റി.എ / ഡിഎ ക്ലെയിം ചെയ്യാം എന്നല്ലാതെ ഓണറേറിയമോ സിറ്റിംഗ് ഫീസോ വ്യവസ്ഥ ചെയ്തിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങള്‍ക്കും ഓണറേറിയവും സിറ്റിംഗ് ഫീസും അനുവദിക്കുന്നതിന് 1978 ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് ചാപ്റ്റര്‍ 2, സെക്ഷന്‍ 9 ല്‍ ഭേദഗതി വരുത്തണമെന്ന ഭേദഗതി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
18.42 ഏക്കര്‍ വരുന്ന പുന്നത്തൂര്‍ കോട്ടയിലെ ആനത്താവളത്തില്‍ നിലവില്‍ 44 ആനകളെയാണ് ദേവസ്വം സംരക്ഷിച്ചുവരുന്നത്. നിലവിലെ സൗകര്യം അപര്യാപ്തമായതിനാല്‍ ആനകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ നടന്നു വരുന്നു. 1.30 കോടി രൂപ ചെലവില്‍ 10 ഷെഡ്ഡുകള്‍, 1 കോടി രൂപ ചെലവില്‍ റോഡ് നവീകരണം, 70 ലക്ഷം രൂപ ചെലവില്‍ പാര്‍ക്കിങ് യാര്‍ഡ് രൂപീകരണം എന്നിവ ചെയ്തു കഴിഞ്ഞു.
അയ്യപ്പക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ പുനരുദ്ധാരന്ന പ്രവൃത്തികള്‍ നടന്നു വരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന് സെറ്റില്മെന്‍റ് ആധാരം വഴി ലഭ്യമായ ഫ്ളാറ്റ് കെട്ടിടത്തില്‍ വയോജനങ്ങളെ താമസിപ്പിച്ച് പരിപാലിച്ച് വരുന്നതിന് ശ്രീകൃഷ്ണ സദനം എന്ന സ്ഥാപനം ആരംഭിക്കുകയും ആയതില്‍ 11 അന്തേവാസികളെ ദേവസ്വം ചെലവില്‍ പരിപാലിച്ചു വരുന്നു. ക്ഷേത്രം നാലമ്പലം, ആധ്യാത്മിക ഹാള്‍, കൗണ്ടിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ ശീതീകരണ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സൗകര്യം ചെയ്തു വരുന്നു. അഷ്ടമിരോഹിണി, ഏകാദശി ഉത്സവം എന്നീ ആഘോഷങ്ങള്‍ക്ക് ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിവരുന്നു. ഇതിനെല്ലാം പുറമെ ഈ സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായി 2004 -ല്‍ വിഭാവനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിനായുള്ള ഇ-ഓഫീസ് പദ്ധതി ഈ വര്‍ഷം നവംബര്‍ 1 ഓടെ പ്രാബല്യത്തില്‍ വരുത്തുന്നതിനു ദ്രുതഗതിയില്‍ നടപടികള്‍ നടന്നു വരുന്നു.
ഭക്ത ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതിനായി പാഞ്ചജന്യം റസ്റ്റ് ഹൌസ് 11.27 കോടി രൂപ ചെലവില്‍ ആധുനിക സൌകര്യങ്ങളോടെനവീകരിച്ചു ഭക്തര്‍ക്ക് തുറന്നു കൊടുത്തു. വര്‍ഷങ്ങളായി പണി മുടങ്ങി കിടന്ന പാഞ്ചജന്യം അനെക്സ് കെട്ടിടവും നവീകരിച്ചു പ്രവര്‍ത്തനസജ്ജാം ആക്കിയിട്ടുണ്ട്. മഞ്ജുളാല്‍ മുതല്‍ പടിഞ്ഞാറേ നടയിലുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വരെയുള്ള ദേവസ്വം റോഡ്, 2.07 കോടി രൂപ ചെലവില്‍ ഇന്‍റര്‍ലോക്ക് വിരിച്ചു നവീകരിച്ചു. തെക്കേ നടയില്‍ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള നിലവിലെ ഗോശാല 2 കോടി രൂപ ചെലവില്‍ ആധുനിക സൌകര്യങ്ങളോടെ പുതുക്കി പണിതു. തെക്കേ നടയില്‍ മെഡിക്കല്‍ സെന്‍ററിനു സമീപം 8 കോടി രൂപ ചെലവില്‍ രാജ്യാന്തര നിലവാരത്തോടുകൂടിയുള്ള കംഫര്‍ട്ട് സ്റ്റേഷന്‍റെ പ്രവൃത്തികള്‍ ആരംഭിച്ചു. 45 ലക്ഷം രൂപ ചെലവില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ട് നവീകരിച്ചു. ക്ഷേത്ര പരിസരത്ത് നടപ്പുരകള്‍, ഇന്‍റര്‍ലോക്ക് മതില്‍ എന്നിവ ചെയ്ത് സൗകര്യങ്ങള്‍ ഒരുക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രൂപയുടെ ധനസഹായവും ഉള്‍പ്പെടെ വിവിധങ്ങളായ ക്ഷേത്രങ്ങള്‍ക്കുള്ള 10 കോടി പ്രവര്‍ത്തനങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം നടപ്പിലാക്കുന്നതെന്നും മന്ത്രിപറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കീഴില്‍, ക്ഷേത്ര കലകള്‍ അഭ്യസിപ്പിക്കുന്നതിനും അവയില്‍ നടത്തുന്നതിനും വൈദിക പാരമ്പര്യവും ക്ഷേത്ര കലാപാരമ്പര്യവുമായ വിഷയങ്ങളില്‍ ബിരുദ പഠനവും തുടര്‍ന്ന് ഫെല്ലോഷിപ്പോടുകൂടി ഗവേഷണം നടത്തുക, കൂടാതെ ചുവര്‍ ചിത്രകല, വാദ്യകല, ജ്യോതിഷം, ദാരുശില്‍പം തുടങ്ങിയ മേഖലകളില്‍ പരിശീലനം നടത്തിവരുന്ന നിലവിലെ കേന്ദ്രം ഇതിന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേദിക് & കള്‍ച്ചറല്‍ സ്റ്റഡീസ് ‘ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഭക്തജന സൗകര്യാര്‍ത്ഥം കൗസ്തുഭം റസ്റ്റ് ഹസ് 13.30 കോടി രൂപ ചെലവില്‍ നവീകരിക്കുന്നു. 4.22 കോടി രൂപ ചെലവില്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നു. പുന്നത്തൂര്‍കോട്ടയില്‍ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവൃത്തികള്‍ നടന്നുവരുന്നു. വെങ്ങാട് ഗോശാല നവീകരണത്തിനുള്ള ഡി. പി. ആര്‍ തയ്യാറായി കഴിഞ്ഞു വെന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.
