ഹാൽ സിനിമയിലെ ചില രംഗങ്ങൾ നീക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ ഏർപ്പെടുത്തുന്ന ഇത്തരം നിയന്ത്രണങ്ങൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

ജെ എസ് കെ സിനിമയ്ക്ക് സംഭവിച്ചതാണ് വീണ്ടും ആവർത്തിക്കപ്പെടുന്നത്. മലയാള ചിത്രങ്ങൾക്ക് നേരെ മാത്രം ഇത്തരം നിയന്ത്രണങ്ങൾ വരുന്നു എന്നതും ആശങ്കപ്പെടുത്തുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. സിനിമ കാണാതെ കഥാ ചുരുക്കം മാത്രം വായിച്ചാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഫെഫ്ക പൂർണ്ണ പിന്തുണ നല്‍കും. അവർ കോടതിയിൽ നടത്തുന്ന നിയമ പോരാട്ടത്തിനും ഫെഫ്ക പിന്തുണ നല്‍കുന്നതായിരിക്കും. ജെഎസ്കെ സിനിമ വിവാദ സമയത്ത് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് സിനിമാ സംഘടനകൾ നിവേദനം നൽകിയിരുന്നു. എന്നാൽ അതൊന്നും മുഖവിലയ്ക്ക് എടുത്തില്ലെന്നതിന് തെളിവാണ് ഹാൽ സിനിമയ്ക്കുണ്ടായ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. റീജണൽ ഫിലിം സർട്ടിഫിക്കേഷന്‍ ബോർഡുകൾക്ക് പ്രസക്തി ഇല്ലാതായി. ഭാവിയിൽ, കോടതി വ്യവഹാരങ്ങൾക്കുള്ള ചെലവ് കൂടി സിനിമാ നിർമാണത്തിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയാണെന്നും സിബി മലയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *