തെരഞ്ഞെടുപ്പ് ആവേശം തുടങ്ങിയ ബീഹാറിൽ സീറ്റ് വിഭജനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷം. അതൃപ്തി പരസ്യമാക്കി ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ രംഗത്ത് വന്നതോടെ അനുനയ നീക്കം വേഗത്തിലാക്കി ബിജെപി. ജെഡിയുവിലും പൊട്ടിത്തെറി രൂക്ഷമായി. എംഎല്‍എ മാര്‍ നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടി എംപി അജയ്കുമാര്‍ മണ്ഡല്‍ ഉള്‍പ്പെടെ രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന് ദിനം മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മഹാഗഗ്ബന്ധന്‍. 43 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു, ബാക്കി സ്ഥാനാര്‍ഥികളുടെ കാര്യത്തിലും അന്തിമതീരുമാനവും പ്രഖ്യപനവും ഉടനുണ്ടാകും. സീറ്റ് വിഭജന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷമായി. ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയതോടെ മുതിര്‍ന്ന ബിജെപി നേതാക്കളായ നിത്യാനന്ദ് റായി ഉള്‍പ്പെടെയുള്ളവര്‍ ഉപേന്ദ്ര കുശ്വാഹയുമായി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചക്ക് ശേഷവും കുശ്വാഹയെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല, അതിനിടെ ജെഡിയുവില്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എ മാര്‍ പ്രതിഷേധം തുടരുകയാണ്.
നീതീഷ് കുമാറുമായി ചര്‍ച്ചകള്‍ നടത്താന്‍ നേതൃത്വം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജെഡിയു എംപി അജയ്കുമാര്‍ മണ്ഡല്‍ രാജി സന്നദ്ധത അറിയിച്ചു. എംഎല്‍എ ഗോപാല്‍ മണ്ഡലിന്റെ നേതൃത്വത്തില്‍ നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയതോടെ പാര്‍ട്ടി പ്രതിരോധത്തിലായിട്ടുണ്ട്.
ആംആദ്മി പാര്‍ട്ടി 48 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു. ബിജെപി 71സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപൂരില്‍ പ്രശാന്ത് കിഷോര്‍ മത്സരിക്കില്ല, രാഘോപൂരില്‍ ജന്‍ സൂരജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചഞ്ചല്‍ സിംഗിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
