ഇഡിയും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം, ബിജെപിയുടെ മൗനം ഒത്തുതീര്‍പ്പിന്റെ ഭാഗമെന്നും സണ്ണി ജോസഫ്
ഷാഫി പറമ്പിലിനെതിരായ ഇപി ജയരാജന്റെ ഭീഷണിയെ കോണ്‍ഗ്രസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഎമ്മിന്റെ പ്രസംഗ തൊഴിലാളി മാത്രമാണ് ഇപി ജയരാജന്‍. ജൂനിയറായ വ്യക്തിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് കുറച്ചു നാള്‍ നിസഹരണവുമായി ഇപി ജയരാജന്‍ നടന്നു. അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് സിപിഎം നീക്കാന്‍ നിര്‍ബന്ധിതമായതിന്റെ കാരണം നമുക്ക് അറിവുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഷാഫി പറമ്പില്‍ എംപിക്കും,ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും സമാധാനപരമായി ജാഥ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും സ്‌ഫോടക വസ്തു എറിഞ്ഞെന്ന് കള്ളക്കേസെടുത്തു. അതിന്റെ പേരില്‍ നിരപരാധികളായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.ഷാഫി പറമ്പിലിനെതിരായ ആക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനാണ് കള്ളക്കേസും കള്ളപ്രചരണവുമായി സിപിഎം രംഗത്ത് വന്നത്.ഷാഫി പറമ്പിലിനെ ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ സിപിഎമ്മിന് കഴിയില്ല. പോലീസിനെ ഉപയോഗിച്ച് അവര്‍ നടത്തുന്ന ആക്രമണം സിപിഎമ്മിന്റെ ബലഹീനതയ്ക്ക് തെളിവാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഷാഫി പറമ്പിലിനോട് സിപിഎം രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയ പ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലത്തില്‍ അവരെ അമ്പേ പരാജയപ്പെടുത്തിയതിന്റെ പകയാണ്. എംപിയെന്ന നിലയില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഷാഫി പറമ്പില്‍ നടത്തുന്ന ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും സിപിഎമ്മിന് തലവേദനയാണ്. അതിനാലാണ് ഷാഫി പറമ്പിലിനെ കായികമായി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. അതിനെ കോണ്‍ഗ്രസ് അതിശക്തമായി നേരിടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇഡി നല്കിയ സമന്‍സില്‍ ഇഡിയും മുഖ്യമന്ത്രിയും ബിജെപിയും നിലപാട് വ്യക്തമാക്കണം. മകനെതിരേ നല്കിയ ഇഡി സമന്‍സില്‍ മറുപടി നല്‍കാതെ സ്വന്തം അണികളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇഡി സമന്‍സില്‍ എന്തു നടപടി സ്വീകരിച്ചെന്ന് ചോദിക്കുമ്പോള്‍ മകന്‍ ക്ലിഫ് ഹൗസിലെ മുറികള്‍ കണ്ടിട്ടില്ലെന്ന ബാലിശമായ മറുപടിയാണ് മുഖ്യമന്ത്രിയുടേത്. മകളുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ ഒളിച്ചോടിയത് പോലെ മകന്റെ വിഷയത്തിലും മുഖമന്ത്രി സത്യം മറച്ചുപിടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മകനെതിരായ ഇഡി സമന്‍സ് അയച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മേല്‍വിലാസത്തിലാണ്. ആ സമന്‍സ് കൈപ്പറ്റിയിരുന്നോ? അത് കൈപ്പറ്റാന്‍ ക്ലിഫ് ഹൗസില്‍ മകനുണ്ടായിരുന്നില്ലെങ്കില്‍ ആ വ്യക്തിയുള്ള സ്ഥലത്തേക്ക് അത് അയച്ചു കൊടുക്കുന്നതാണ് നടപടിക്രമം. അത് ചെയ്തിട്ടുണ്ടോ? ഇഡിയുമായി ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ത്തെന്നാണ് സിപിഎം ജനല്‍ സെക്രട്ടറി എംഎ ബേബി പോലും പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഇഡിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതികരിക്കാത്തത് എന്താണ്? ബിജെപിയുടെ മൗനം ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള ഒത്തുകളിയുടെ ഭാഗമാണ് അവരുടെ നിശബ്ദതയെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന്‍ ഹാജരായി തെളിവ് നല്‍കാത്ത പക്ഷം കള്ളപ്പണം വെളുപ്പിക്കല്‍ ആക്ട് അനുസരിച്ചുള്ള ശിക്ഷാ നടപടിക്ക് വിധേയനാണെന്നാണ് നോട്ടീസില്‍ പറയുന്നത്. കൂടാതെ ബാങ്ക് അക്കൗണ്ട്, സ്വത്ത് വിവരങ്ങള്‍ എന്നിവയും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നോട്ടീസിന് എന്തു സംഭവിച്ചു. ഇതിലെ നടപടി അവസാനിപ്പിച്ചോ? അങ്ങനെയെങ്കില്‍ എന്തടിസ്ഥാനത്തിലാണത്? മുഖ്യമന്ത്രിയുടെ മകന്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടോ ? നോട്ടീസ് കൈപ്പറ്റാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യം കൊണ്ടാണ് മകളുടെ കമ്പനി തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്ന് വീണാ വിജയന്‍ പണം കൈപ്പറ്റിയിരുന്നു. അതിനുള്ള രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇനി കേസില്ലെങ്കില്‍ വീണാ വിജയന്‍ എന്തിനാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ചു. മാര്‍ക്‌സിസ്റ്റ് അണികളെ അദ്ദേഹത്തിന് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ അനര്‍ഹമായ സ്വത്ത് സംമ്പാദിച്ചെന്നത് തര്‍ക്കരഹിതമാണ്. അതിനെ എത്ര ന്യായീകരിച്ചാലും വിലപ്പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ സര്‍ക്കാരും പോലീസും തയ്യാറാകുന്നില്ല. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഇതുവരെ പ്രതികളിലെത്തിയിട്ടില്ല. ആറാം തീയതി കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പത്തുദിവസം കഴിഞ്ഞിട്ടും ഒരു പുരോഗതിയുമില്ല. സ്വര്‍ണ്ണം ആര്‍ക്കുവിറ്റെന്നത് കണ്ടെത്തിയില്ല. അന്വേഷണ സംഘത്തിന്റെ കരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രതികളുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്.
ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞ സ്വര്‍ണ്ണം അവിടെയില്ല. പകരം ചെമ്പാണ് അവിടെയെത്തിച്ചത്. അത് തെളിയിക്കാന്‍ എന്താണ് പോലീസിന് പ്രയാസം. അന്വേഷണ ഏജന്‍സി അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണ നടപടികളില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണ തൃപ്തിയില്ല. പ്രതികളെ സംരക്ഷിക്കുന്ന അന്വേഷണ ഏജന്‍സികളുടെ നിലപാടിനെതിരെ അതിശക്തമായ വിശ്വാസ സംരക്ഷണ പരിപാടികളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. കോണ്‍ഗ്രസ് നടത്തുന്ന നാലു ജാഥകളിലും വലിയ ജനപങ്കാളിത്തമാണുള്ളത്. ഈ മാസം 18ന് അത് പന്തളത്ത് സമാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആര്‍എസ്എസ് ക്യാമ്പില്‍ നടന്ന ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണം. എഫ്.ഐ.ആറില്‍ ആര്‍എസ്എസെന്ന് പേരുചേര്‍ക്കാന്‍ പോലും കേരള പോലീസിന് ഭയമാണ്. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ഒത്തുകളിയുടെ വേറൊരു രൂപമാണ് ആ കേസില്‍ കാണുന്നത്. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഉത്തരം പറയാന്‍ ബാധ്യതപ്പെട്ട ആര്‍എസ്എസും സത്യം മറച്ചുപിടിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം നേതാവ് ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സമയമായില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. മന്ത്രി ആയിരുന്നപ്പോഴും എല്ലാവരോടും നന്നായി പെരുമാറുന്ന വ്യക്തിയാണ്. രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദവും സത്യസന്ധമായ നിലപാടും പുലര്‍ത്തുന്ന നേതാവാണ്. അദ്ദേഹത്തിനെതിരെ സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയാണോയെന്ന് അവര്‍ തന്നെ പരിശോധിക്കണം. അത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ചെലവില്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്ന വികസന ക്ഷേമ മേളകള്‍ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കുതന്ത്രം മാത്രമാണ്. ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന സര്‍ക്കാരിന്റെ പരസ്യ പ്രഖ്യാപനമാണിത്. ഇത്തരം മേളകളില്‍ ഒരു റിസള്‍ട്ടും ഉണ്ടാകാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സര്‍ക്കാരിന് വികസന കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കാന്‍ തോന്നിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടികള്‍ ചെലവാക്കി നവകേരള സദസ്സ് സംഘടിപ്പിച്ചിട്ട് എന്തുഫലമുണ്ടായി. ഇടതുപക്ഷത്തെ ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് ആക്ഷേപം കിട്ടിയത് ഒഴിച്ചാല്‍ എന്തു ഗുണം ഉണ്ടായിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതിശക്തമായ സംഘടനാ പ്രവര്‍ത്തനവുമായിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മിഷന്‍ 2025ന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ലഘുലേഖകളുമായും പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി 25000ത്തോളം വാര്‍ഡ് കമ്മിറ്റികള്‍ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കി. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
