കെപിസിസി പുനഃസംഘടനയെ ചൊല്ലി ഇടഞ്ഞുനിന്ന ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ കോൺഗ്രസിൻ്റെ ശബരിമല വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് നേതൃത്വത്തിൻ്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് മുരളീധരൻ നിലപാട് മയപ്പെടുത്തി തിരിച്ചെത്തുന്നത്.

ഗുരുവായൂരിൽ നിന്ന് കാർ മാർഗം അദ്ദേഹം ചെങ്ങന്നൂരിലേക്ക് യാത്ര തിരിച്ചു. രാത്രി ഏഴ് മണിയോടെ കെ മുരളീധരൻ പരിപാടിയിൽ എത്തിച്ചേരും. നേതൃത്വത്തെയും പാർട്ടിയേയും പ്രതിസന്ധിയിലാക്കി ജാഥാ സമാപനത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച മുരളീധരനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരിട്ട് വിളിച്ച് സംസാരിക്കുകയായിരുന്നു. പാർട്ടിയിലെ ഭിന്നത പരസ്യമാകുന്നതിനിടെയുണ്ടായ ഈ അനുനയ നീക്കം കോൺഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നതിനുള്ള കാരണം ‘വ്യക്തിപരമായ ബുദ്ധിമുട്ടുകൾ’ ആണെന്നായിരുന്നു കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നത്.

നാല് മേഖലാ ജാഥകളും ഇന്നലെ ചെങ്ങന്നൂരിൽ സംഗമിച്ചതിന് പിന്നാലെ മുരളീധരൻ ഗുരുവായൂരിലേക്ക് മടങ്ങിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *