താമരശ്ശേരി: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. പിടിയിലായ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമി സംഘത്തിൽപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
താമരശ്ശേരി സംഘർഷത്തിൽ ഡിഐജി യതീഷ് ചന്ദ്ര ഡിവൈഎസ്പി ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്താനാണ് തീരുമാനം. ചിദ്രശക്തികളുടെ സ്വാധീനത്തെക്കുറിച്ച് അറസ്റ്റ് ചെയ്യുമ്പോൾ അറിയാമെന്നും ഡിഐജി വ്യക്തമാക്കി.
പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പൊലീസിനെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ രണ്ട് പേരാണ് പിടിയിലായത്. താമരശ്ശേരി ചുണ്ടക്കുന്ന് കെ എൻ ബാവൻകുട്ടി, കൂടത്തായി സ്വദേശി എ പി റഷീദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യും.
ചൊവാഴ്ച വൈകീട്ടാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടായത്.
