ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുചക്ര വാഹനത്തില്‍ ബസ്സിടിച്ചുണ്ടായ അപകടത്തിൽ ബസ് കത്തി.24 പേര്‍ വെന്തുമരിച്ചതായാണ് റിപ്പോർട്ട്. രക്ഷപ്പെട്ടവരില്‍ പലരും ഗുരുതരമായ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സില്‍ ഡ്രൈവറും ജീവനക്കാരും ഉള്‍പ്പെടെ 40 പേരാണ് യാത്രചെയ്തിരുന്നത്. കുര്‍നൂല്‍ ജില്ലയിലെ ദേശീയപാത 44-ല്‍ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപം പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം. തീ മിനിറ്റുകള്‍ക്കകം ബസ്സിനെ ആകെ വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസ് ഒരു ബൈക്കിലിടിച്ച് കുറച്ചുദൂരം മുന്നോട്ടുപോവുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇതേത്തുടര്‍ന്ന് ബസ്സിനടിയില്‍നിന്ന് തീ ആളിപ്പടര്‍ന്നു. 12 യാത്രക്കാര്‍ എക്‌സിറ്റുവഴിയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തും പുറത്തുകടന്നു. എസി ബസ്സായതിനാലും ഡോര്‍ ലോക്കായതിനാലും പുറത്തുകടക്കാനാവാതെ പലരും വെന്തുമരിച്ചു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

ഡ്രൈവറും ബസ് ജീവനക്കാരും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദാന്വേഷണം ആരംഭിച്ചു.

തീപ്പൊരി ഉയര്‍ന്ന് രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കുള്ളില്‍ ബസ് കത്തിച്ചാമ്പലായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കത്തിക്കരിഞ്ഞവരില്‍ ചിലരെ തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.  തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *