കൊച്ചി: ഹിജാബ് കേസിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വിദ്യാർത്ഥിനി കോടതിയെ അറിയിച്ചു.
സമാധാനപരമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാനേജ്മെൻ്റ് പറഞ്ഞു. മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി സർക്കാർ അറിയിച്ചു. ഹിജാബിൻ്റെ പേരിൽ പഠനം മുടങ്ങാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സർക്കാർ പറഞ്ഞു. കൂടുതൽ നടപടികൾക്കില്ലെന്ന് സർക്കാർ അറിയിച്ചു.
വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് വരെ കുട്ടിയെ സ്കൂളിലേക്ക് വിടുന്നില്ല എന്നതായിരുന്നു കുടുംബത്തിന്റെ തീരുമാനം.
ഹിജാബ് ധരിച്ച് കുട്ടിയെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പ്രിൻസിപ്പലിൻ്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാത്രമല്ല ഹർജി പരിഗണിക്കവെ മാനേജ്മെൻ്റിൻ്റെ വാദങ്ങളെ കോടതി വിമർശിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദു, മുസ്ലീം, കൃസ്ത്യൻ എന്നൊന്ന് ഇല്ലെന്നും എല്ലാം വിദ്യാർത്ഥികൾ മാത്രമാണ് എന്നും മാനേജ്മെൻ്റിനെ ഹൈക്കോടതി അന്ന് ഓർമ്മിപ്പിച്ചു.
