പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. കേന്ദ്രത്തിൻ്റെ നിബന്ധനകൾക്ക് വിധേയമായിട്ടല്ല പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതെന്നും വി എൻ വാസവൻ വ്യക്തമാക്കി. പദ്ധതിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും, എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.
പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് ഇന്നലെ തന്നെ പറഞ്ഞതാണ്. പിഎം ശ്രീ പദ്ധതി പല ഘട്ടങ്ങളിലും ചർച്ച ചെയ്തിട്ടുള്ളതാണ്. അംഗീകരിക്കാൻ പറ്റാത്തത് അംഗീകരിക്കില്ല എന്ന് അന്നേ തീരുമാനമെടുത്തിരുന്നു. ആ നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞു.
1466 കോടി രൂപ ലഭ്യമാകുന്നത് പാവപ്പെട്ട കുട്ടികൾക്കുള്ള പഠന സൗകര്യങ്ങൾ ഒരുക്കാനാണ്. അത് ലഭിക്കാൻ കരാറിൽ ഒപ്പിടേണ്ടത് അനിവാര്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. നയപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചിരുന്നു.
